ഗ്യാസ് പ്രതിസന്ധി മുതലെടുക്കുന്നു: മലയാളികളെ കൊള്ളയടിക്കാൻ കാരണമായി, പണം വാങ്ങുന്നത് തോന്നിയപോലെ
അടൂർ: ഭക്ഷണ സാധനങ്ങൾക്ക് തോന്നുന്ന വിലയാണ് അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ. പാചക വാതക ക്ഷാമത്തിന്റെ പേരിലാണ് അമിത വില ഈടാക്കുന്നത്. വിലവിവരപ്പട്ടികയിൽ എഴുതിയിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് ബില്ലിലെ വില.
വിലവിവര പട്ടികയിൽ 12 രൂപയുള്ള പൊറോട്ടയ്ക്ക് ബില്ലിൽ 15 രൂപയാകും. റസ്റ്റോറന്റ് നിലവാരമില്ലാത്ത ഒരു ഹോട്ടലിൽ ടൊമാറ്റോ ഫ്രൈയ്ക്ക് വില 100 രൂപയാണ് .മുന്തിയ റസ്റോറന്റുകളിൽ പോലും 80 രൂപ ഈടാക്കുമ്പോഴാണിത് . മിക്ക ആഹാര സാധനങ്ങൾക്കും ഓരോ ഹോട്ടലുകളും തോന്നുന്ന വിലയാണ് ഈടാക്കുന്നത്. പാചക വാതക ക്ഷാമം മൂലമാണ് വിലവർദ്ധിപ്പിച്ചതെന്നാണ് ചോദിക്കുമ്പോഴുള്ള മറുപടി. വില വർദ്ധിപ്പിച്ചത് സംബന്ധിച്ച് അറിയിപ്പുകളുമില്ല.
ഒരു ഹോട്ടലിൽ തോന്നുന്ന വില ഈടാക്കുന്നതിനൊപ്പം ബില്ല് നൽകുന്നത് തുണ്ടുപേപ്പറിൽ എഴുതിയാണ്. ഇവർക്ക് ടിപ്പും നിർബന്ധമാണ്. ജി എസ് ടി രേഖപ്പെടുത്തിയ ബില്ലുമില്ല. വിലവിവരപ്പട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ ഈടാക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കുറ്റമാണ് . ഹോട്ടലിന്റെ പേരും തീയതിയും വാങ്ങിയ സാധങ്ങളുടെ വിലയും രേഖപ്പെടുത്താതെ തുണ്ടുപേപ്പറിൽ ബില്ല് നൽകിയാൽ അതിന് യാതൊരു സാധുതയുമില്ല. 2009 ലെ ലീഗൽ മെട്രോളജി നിയമപ്രകാരം കുറ്റകരവുമാണ്. അടൂർ ടൗണിലെ പല ഹോട്ടലുകളും പാചകവാതക പ്രതിസന്ധി കാരണം പൂട്ടിയതോടെ ആളുകൾ വലിയതോതിൽ ബൈപ്പാസിൽ എത്തുന്നുണ്ട് .ഈ അവസരം മുതലാക്കിയാണ് ഹോട്ടൽ വ്യാപാരികളുടെ കൊള്ള. ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
നിയമമുണ്ട്, നടപടി വേണം ഭക്ഷണസാധനങ്ങളുടെ വിൽപന സംബന്ധിച്ച നിയമങ്ങളെക്കുറിച്ചുള്ള ആളുകളുടെ അജ്ഞതയാണ് തോന്നുന്ന വില ഇൗടാക്കുന്ന ഹോട്ടലുകൾ ചൂഷണം ചെയ്യുന്നത്. അമിതവില ഇൗടാക്കിയാലും ചോദിക്കുന്നത് മോശമാണെന്ന് ആളുകൾ കരുതുന്നതും ഇവർ മുതലാക്കുന്നു. അമിതവില ഈടാക്കുന്നുതിനും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഇല്ലായ്മയ്ക്കുമെതിരെ പരാതി നൽകിയാൽ നടപടി ഉറപ്പാണ്.
- പ്രദർശിപ്പിച്ച വില വിവരപ്പട്ടികയെക്കാൾ കൂടുതൽ വില ഈടക്കിയാൽ കുറ്റകരമാണ്.
- തോന്നുന്നത് പോലെ ജിഎസ്‌ടി കൂട്ടാൻ സാധിക്കില്ല.
- ശരിയായ ബില്ല് അവകാശമാണ്.
- 1915 എന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിലും എൻ സി എച്ച് ആപ്പ് ഉപയോഗിച്ചും ജില്ലാ ഉപഭോക്തൃ കമ്മിഷനിലും ലീഗൽ മെട്രോളജിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും പരാതി നൽകാം