മഴ: ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരി മരിച്ചു,​ പിതാവിന് പരിക്ക്

Saturday 04 April 2026 12:49 AM IST

ഇടുക്കി : ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശി അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.. എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. പരിക്കേറ്റ പിതാവ് അഫ്സൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം ഉറവപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു. പെട്ടെന്നുണ്ടായ മഴയിലും പെടുകയായിരുന്നു കുടുംബം. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസി ഗോകുൽ രാജിനും പരിക്കേറ്റു. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം തിരുവനന്തപുരം അമ്പൂരിയിൽ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്ന് വൃദ്ധ മരിച്ചു. അമ്പൂരി തട്ടാമുക്ക് സ്വദേശി രാജമ്മ ബേബിയാണ് മരിച്ചത്,​ വൈകിട്ട് പെയ്ത ശക്തമായ മഴയിലും കാറ്റിലും വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് തകർന്ന് വീഴുകയായിരുന്നു. അപകട സമയം രാജമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.