മുന്നണി​പ്പോരി​ൽ കലങ്ങി​മറിഞ്ഞ് ജി​ല്ല

Sunday 05 April 2026 1:22 AM IST
എറണാകുളം

കോട്ട പൊളിക്കാൻ എൽ.ഡി.എഫ്;

കാത്തുസൂക്ഷിക്കാൻ യു.ഡി.എഫ്

സീറ്റ് ലക്ഷ്യമിട്ട് എൻ.ഡി.എ

കൊച്ചി: ഏത് കാലത്തും യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് എറണാകുളം ജില്ല. സ്വാതന്ത്ര്യാനന്തരവും മണ്ഡല പുനർനിർണയ ശേഷവുമെല്ലാം അതങ്ങനെതന്നെ. ഇടത് തരംഗം ആഞ്ഞടിച്ച 2016ലും 2021ലുമൊന്നും അതിന് മാറ്റമുണ്ടായില്ല. തദ്ദേശ- ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലം വലത്തേക്ക് ചായുന്നതാണ് പതിവ്. ഇത്തവണ ആ കോട്ട ഇളക്കാമെന്നാണ് ഇടത് കണക്കുകൂട്ടൽ. കൊച്ചി​യും വൈപ്പി​നും കുന്നത്തുനാടും തി​രി​കെപ്പി​ടി​ച്ച് ഇടതുമുന്നണി​യെ ഒതുക്കുമെന്ന വാശി​യി​ലാണ് യു.ഡി.എഫും.

ട്വന്റി​20 മുന്നണി​യുടെ ഭാഗമായതോടെ കുന്നത്തുനാടി​ലൂടെ ജി​ല്ലയി​ൽ അക്കൗണ്ട് തുറക്കാമെന്ന മോഹത്തി​ലാണ് എൻ.ഡി.എ​. 2021ൽ 42,701 വോട്ട് നേടി​യ ട്വന്റി​20യ്ക്ക് ഇക്കുറി​ എൻ.ഡി​.എ വോട്ടുകൂടി​ ലഭി​ച്ചാൽ മത്സരം തീപാറും. 2016ലും 2021ലും ആകെയുള്ള 14ൽ ഒൻപത് മണ്ഡലവും യു.ഡി.എഫിനായി​രുന്നു. 2016ൽ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കളമശേരി, പറവൂർ, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളായിരുന്നു യു.ഡി.എഫിനൊപ്പം. അതിൽ കളമശേരി മണ്ഡലം പി. രാജീവിലൂടെ ഇടതുപക്ഷം കഴിഞ്ഞതവണ പിടിച്ചെടുത്തപ്പോൾ മൂവാറ്റുപുഴയും തൃപ്പൂണിത്തുറയും എൽ.ഡി.എഫിന് നഷ്ടമായി.

ഇടത് പ്രതീക്ഷ ഏഴിൽ

ഏഴ് സീറ്റുകളാണ് ഇടതു പ്രതീക്ഷയിലുള്ളത്. പെരുമ്പാവൂരും തൃപ്പൂണിത്തുറയുമാണ് ഇടതു ലക്ഷ്യം. 2016ൽ പെരുമ്പാവൂരിൽ 7,088 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫിന് 2021ൽ അത് 2,899 ആയി കുറഞ്ഞു. ഇത്തവണ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എൽദോസ് കുന്നപ്പള്ളിയുടെ തുടക്കത്തിലെ നിസഹകരണവുമെല്ലാം തുണയ്ക്കുമെന്നാണ് ഇടതു കണക്കുകൂട്ടൽ.

തൃപ്പൂണിത്തുറയിലാണ് ഇടതിന്റെ അടുത്ത കണ്ണ്. 2016ൽ എം. സ്വരാജിലൂടെ പിടിച്ചെടുത്ത മണ്ഡലം 2021ൽ വീണ്ടും വലത്തേക്ക് ചാഞ്ഞു. 992 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് കെ. ബാബുവിന് ലഭി​ച്ചത്.

മൊത്തം വലവീശി യു.ഡി.എഫ്

ഇടതിന്റെ മൂന്ന് മണ്ഡലങ്ങളിലാണ് യു.ഡി.എഫിന്റെ അധിക പ്രതീക്ഷ. ടോണി ചമ്മണിയിലൂടെ വൈപ്പിനും വി.പി. സജീന്ദ്രനിലൂടെ കുന്നത്തുനാടും മുഹമ്മദ് ഷിയാസിലൂടെ കൊച്ചിയും പിടിച്ചെടുക്കാനാണ് ശ്രമം. കുന്നത്തുനാട്ടിൽ 2,715 വോട്ട് മാത്രമാണ് പി.വി. ശ്രീനിജിന്റെ ഭൂരിപക്ഷം. വൈപ്പിനിൽ 8,201 വോട്ടാണ് കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ ഭൂരിപക്ഷം. പുതുമുഖം എം.ബി. ഷൈനിയാണ് ഇത്തവണ ഇടതു സ്ഥാനാർത്ഥി. ഇത് ആനുകൂല്യമാക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്കു കൂട്ടൽ.

2016ലെ 1086ന്റെ ഭൂരിപക്ഷം 2021ൽ 14079 ആക്കിയാണ് മാക്‌സി വീണ്ടും കൊച്ചിയിൽ ഇറങ്ങുന്നത്. ഇവിടെ മുഹമ്മദ് ഷിയാസിന് കടന്നുകൂടാനാകുമോ എന്നതാണ് പ്രധാനം.

എൻ.ഡി.എ ലക്ഷ്യത്തിൽ തൃപ്പൂണിത്തുറയും

കുന്നത്തുനാട് കൂടാതെ തൃപ്പൂണിത്തുറയും നേടാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസവുമുണ്ട്. നടി അഞ്ജലി നായരിലൂടെ കടുത്ത പോരാട്ടം ഒരുക്കിയിട്ടുണ്ട് എൻ.ഡി.എ. 2021ൽ ബി.ജെ.പി സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ 23,756 വോട്ടുകൾ നേടിയിരുന്നു.