ഇടതിനൊപ്പം ഇടറാതെ

Sunday 05 April 2026 12:54 AM IST
നാ​ദാ​പു​രം​ ​ടൗ​ൺ​ ​ചി​ത്രം

പ്രചാരണത്തിൽ വലതുപക്ഷം മേൽക്കൈ നേടിയാലും എന്നും ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന മണ്ഡലമാണ് നാദാപുരം. സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരുതവണ ഒഴിച്ചാൽ ഇടതിനൊപ്പമായിരുന്നു നാളിതുവരെ. സി.എച്ച്. കണാരൻ, ഇ.വി.കുമാരൻ, എം.കുമാരൻ, കാന്തലോട്ട് കുഞ്ഞമ്പു, കെ.ടി.കണാരൻ, സത്യൻ മൊകേരി, ബിനോയ് വിശ്വം, ഇ.കെ.വിജയൻ എന്നിവർ നാദാപുരത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കോൺഗ്രസിലെ പല പ്രമുഖരും അടിപതറി. നാദാപുരത്ത് ഇത്തവണ കന്നിയങ്കക്കാർ തമ്മിലാണ് മത്സരം. സമര സംഘടന രംഗത്തെ സുപരിചിത മുഖമാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമായ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം. വിദ്യാര്‍ത്ഥി സമരമുഖത്തും സംഘടന രംഗത്തും ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്തിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. സർക്കാരിന്റെ വികസന നേട്ടങ്ങളും എം.എൽ.എ ആയിരിക്കെ ഇ.കെ.വിജയൻ മണ്ഡലത്തിൽ ചെയ്ത പ്രവർത്തനങ്ങ ളും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് അഭ്യർത്ഥിക്കുന്നത്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് ആവിഷ്കരിച്ചിരിക്കുന്നത്.​കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ മണ്ഡലത്തിൽ നേരിട്ടെത്തിക്കുമെന്ന വാഗ്ദാനമാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. വിപിൻ ചന്ദ്രൻ വോട്ടർമാർക്ക് നൽകുന്നത്.

മണ്ഡല ചരിത്രം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്ക് കോട്ടയെന്നാണ് നാദാപുരത്തിന് ഖ്യാതി. 1960ൽ മുസ്ലിംലീഗിലെ ഹമീദലി ഷംനാദ് വിജയിച്ചു. 1970ലും 1977ലും സി.പി.എം, സി.പി.ഐ കക്ഷികൾ തമ്മിൽ നടന്ന നേരിട്ടുള്ള മത്സരത്തിൽ സി.പി.ഐക്കായിരുന്നു വിജയം. പിന്നീട് തുടർച്ചയായ യി സി.പി.ഐ നിറുത്തുന്ന എൽ.ഡി. എഫ് സ്ഥാനാർത്ഥിക്കായിരുന്നു വിജയം. കഴിഞ്ഞ പാർലമെൻ്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ഭൂരിപക്ഷം യു.ഡി.എഫിനായിരുന്നു.

മണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്തുകളിൽ നാലിൽ യു.ഡി.എഫും ആറിൽ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.

വോട്ടർമാർ

പുരുഷൻമാർ.... 1,15,566

സ്ത്രീകൾ.... 1,16,990

ട്രാൻസ്ജെൻഡർ.... 2

ആകെ: 2,32,558