വോട്ടിന് പകരം കിറ്റ്: ആരോപണവുമായി എൽ ഡി എഫ്, തൃശൂരിൽ ബി ജെ പിക്ക് പുതിയ തലവേദന

Saturday 04 April 2026 5:35 PM IST

തൃശൂർ: വോട്ടുറപ്പിക്കാൻ തൃശൂരിൽ ബി ജെ പി കിറ്റുകൾ വിതരണം ചെയ്തു എന്ന ആരോപണവുമായി എൽ ഡി എഫ്. ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് പ്രാദേശിക ബി ജെ പി നേതാവായ രാധാകൃഷ്ണൻ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് കിറ്റുകൾ വിതരണം ചെയ്‌തതെന്നും അമ്പതോളംപേർ കിറ്റുകൾ വാങ്ങിയെന്നുമാണ് മുൻ മന്ത്രിയും സി പി ഐ നേതാവുമായ വി എസ് സുനിൽകുമാർ അടക്കമുളള എൽ ഡി എഫ് നേതാക്കൾ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അവർ പരാതിയും നൽകിയിട്ടുണ്ട്.

ഇന്ന് ഉച്ചതിരിഞ്ഞാണ് കിറ്റുകൾ വിതരണം ചെയ്തത്. 18 ഐറ്റങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. രാധാകൃഷ്ണൻ എന്നയാൾ പറഞ്ഞതനുസരിച്ചാണ് കിറ്റുകൾ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളിൽ ചിലർ പറയുന്നത്. അയൽവാസികൾ പറഞ്ഞതനുസരിച്ച് കിറ്റുകൾ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് എൽ ഡി എഫ് പ്രവർത്തകർ സ്ഥലത്തെത്തി. സ്ഥാപനത്തിന് പിന്നിലെ ഗോഡൗണിലാണ് കിറ്റുകൾ സൂക്ഷിച്ചിരുന്നത്.

എന്നാൽ, ബി ജെ പിക്കുവേണ്ടിയല്ല തങ്ങൾ കിറ്റുകൾ തയ്യാറാക്കിയതെന്നും വിഷുവിന് വേണ്ടിയാണെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമ പറയുന്നത്. കിറ്റുകൾ തയ്യാറാക്കി വയ്ക്കുമെന്നും ആവശ്യക്കാർ എത്തുമ്പോൾ അവർക്ക് ആവശ്യമുള്ള കിറ്റുകൾ നൽകുമെന്നും ഉടമ വ്യക്തമാക്കി. എന്നാൽ എൽ ഡി എഫിന്റേത് വെറും ആരോപണം മാത്രമാണെന്നാണ് ബി ജെ പി പറയുന്നത്.