വീണ്ടും മിന്നി തിളങ്ങി സമീര്‍ റിസ്‌വി; മുംബയ് ഇന്ത്യന്‍സിനെ അനായാസം വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

Saturday 04 April 2026 7:12 PM IST

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. മുംബയ് ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. മുംബയ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 1.5 ഓവറുകള്‍ ബാക്കി നില്‍ക്കെ അവര്‍ മറികടക്കുകയായിരുന്നു. 51 പന്തുകളില്‍ നിന്ന് 90 റണ്‍സ് നേടിയ യുവതാരം സമീര്‍ റിസ്‌വിയുടെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയം ഒരുക്കിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

സ്‌കോര്‍: മുംബയ് ഇന്ത്യന്‍സ് 162-6 (20) | ഡല്‍ഹി ക്യാപിറ്റല്‍സ് 164-4 (18.1)

വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കം പിഴച്ചു. ആദ്യ ഓവറില്‍ കെഎല്‍ രാഹുല്‍ 1(3), രണ്ടാം ഓവറില്‍ നിതീഷ് റാണ 0(3) എന്നിവര്‍ മടങ്ങിയപ്പോള്‍ സ്‌കോര്‍ ഏഴിന് രണ്ട്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ പാത്തും നിസംഗ 44(30) - സമീര്‍ റിസ്‌വി എന്നിവര്‍ 66(49) റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് നിര്‍ണായകമായി മാറി. 51 പന്തുകളില്‍ നിന്ന് ഏഴ് വീതം സിക്‌സറുകളും ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റിസ്‌വിയുടെ ഇന്നിംഗ്‌സ്. ഡേവിഡ് മില്ലര്‍ 21*(18), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 3*(4) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ് 51(36), 26 പന്തില്‍ 35 റണ്‍സ് നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ മാത്രമാണ് മുംബയ് നിരയില്‍ തിളങ്ങിയത്. നമന്‍ ധീര്‍ 28(21), മിച്ചല്‍ സാന്റ്‌നര്‍ 18*(13), കോര്‍ബിന്‍ ബോഷ് 11*(4) എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്‌കോറര്‍മാരുടെ സംഭാവനകള്‍. റയാന്‍ റിക്കിള്‍ടണ്‍ 9(11), തിലക് വര്‍മ്മ 0(2), ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 5(7) എന്നിവര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലുങ്കി എങ്കിടി, അക്‌സര്‍ പട്ടേല്‍, വിപ്‌രാജ് നിഗം, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.