കുടിവെള്ള പ്രശ്നത്തിന് മുൻതൂക്കം നൽകും: മുഹമ്മദ് ഷിയാസ്

Sunday 05 April 2026 1:19 AM IST
കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ് ജനസമ്പർക്ക് പരിപാടിക്കിടെ

പള്ളുരുത്തി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിന്റെ ജനസമ്പർക്ക പരിപാടിക്ക് ആവേശപൂർണമായ പ്രതികരണം. പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രദർശനത്തോടെയാണ് ഇന്നലെ ജനസമ്പർക്ക പരിപാടികൾ ആരംഭിച്ചത്. ക്ഷേത്രഭാരവാഹികളെയും ഭക്തജനങ്ങളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ച അദ്ദേഹം മാരമ്പിള്ളി ക്ഷേത്രം, കേരള ആയുർവേദ വൈദ്യശാല എന്നിവിടങ്ങളും സന്ദർശിച്ചു.

പള്ളുരുത്തി കാരുണ്യ ഭവനിലെത്തിയ മുഹമ്മദ് ഷിയാസിനെ അന്തേവാസികളും സന്യാസിനികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ശങ്കരനാരായണ ക്ഷേത്രം, അസീസി കോൺവെന്റ്, സെന്റ് അലോഷ്യസ് കോൺവെന്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കൊച്ചമ്പലത്തിൽ ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

മണ്ഡലത്തിലെ കുടിവെള്ള ദൗർബല്യം ഭക്തജനങ്ങൾ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൊച്ചിയിലെ കുടിവെള്ള പ്രശ്നപരിഹാരത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷ്യൽ പാക്കേജ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പള്ളിച്ചാൽ തോട്ടിലെ മലിനജലം വീടുകളിൽ കയറുന്നതിനെക്കുറിച്ച് പരാതിപ്പെട്ട കോളനിവാസികളോട് തോട് നവീകരണം പ്രഥമ പരിഗണനയായി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.