കർണാടകയിലെ കുടകിൽ ട്രെക്കിംഗിന് പോയ മലയാളി യുവതിയെ കാണാനില്ല; തെരച്ചിൽ ഊർജിതം

Saturday 04 April 2026 8:50 PM IST

കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രെക്കിംഗിന് പോയ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശിനിയും ഐ.ടി പ്രൊഫഷണലുമായ ജി.എസ്.ശരണ്യ (36) എന്ന യുവതിയെയാണ് മൂന്നു ദിവസമായി കാണാതായത് . കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുന്നതിനിടെയാണ് കാണാതായത്. കൊച്ചിയിൽ നിന്ന് ഏപ്രിൽ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസിച്ച യുവതി രാവിലെ 8.15 ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയൻഡമോൾ ട്രക്കിംഗ് തുടങ്ങിയത്.

കാട്ടാന ശല്യമുള്ളതിനാൽ മറ്റൊരു പത്ത് അംഗ സംഘത്തിനൊപ്പം ചേർന്ന് പോകാൻ ശരണ്യയോട് നിർദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച യുവതി ട്രെക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന.വൈകീട്ട് നാലിന് സംഘം ചെക്ക്‌പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോൾ ശരണ്യ കൂടെ ഉണ്ടായിരുന്നില്ല.

വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിൽ വിളിച്ചറിയിച്ചതായും വിവരമുണ്ട്. എന്നാൽ, അതിനുശേഷം ഫോൺ സിഗ്നൽ നഷ്ടമായി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ശരണ്യ ട്രെക്കിഗ് പാതയിലേക്ക് പ്രവേശിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എന്നാൽ തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒരിടത്തും കണ്ടെത്താനായിട്ടില്ല.

പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന 60 അംഗ സംഘം അഞ്ച് ഉപടീമുകളായി തിരിഞ്ഞ് തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രോണുകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് ഇടതൂർന്ന വനത്തിന്റെ ഉൾഭാഗങ്ങളിലും പാതകളിലും പരിശോധന നടക്കുകയാണ്. നിബിഡവനത്തിലെ പ്രതികൂലമായ കാലാവസ്ഥ തിരച്ചിലിന് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ കാട്ടാനകൾ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വനപ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീർണമാണ്.

ശരണ്യ അപകടത്തിൽ‌ പെട്ടതാണോ, വഴിതെറ്റി മറ്റൊരു ഭാഗത്ത് എത്തിയതാണോയെന്ന് അധികൃതർ അന്വേഷിച്ചുവരുകയാണ്. നാപ്പോക്ലു പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരണ്യയുടെ സഹോദരനും കുടകിലെത്തിയിട്ടുണ്ട്.