മലയാളിയെ ഡോക്ടറെ ഗംഗ നദിയിൽ കാണാതായി

Sunday 05 April 2026 12:20 AM IST

തിരുവനന്തപുരം: ഗംഗ നദിയിൽ മലയാളി ഡോക്ടറെ കാണാതായി. തീർത്ഥാടനത്തിന്റെ ഭാഗമായി സ്നാനം ചെയ്യാൻ പോയ ശാസ്തമംഗലം ശ്രീരാമ കൃഷ്ണാ ആശുപത്രിയിലെ ഡോക്ടറായ മുട്ടട ജി.വി.ആർ.എ 35ൽ ഡോ. മോഹൻകൃഷ്ണനാണ് അപകടത്തിൽപ്പെട്ടത്. തെരച്ചിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ 5.45നാണ് സംഭവം. വ്യാഴാഴ്ചയാണ് കുടുംബത്തോടൊപ്പം മോഹൻകൃഷ്ണൻ വാരാണസിയിലെത്തിയത്. ഭാര്യ നളിനി കുമാരി, മകൻ അർജുൻ, മരുമകൾ മായ, പേരക്കുട്ടി കാശിനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഭാര്യയുടെയും മകന്റെയും കൈപിടിച്ച് മൂവരും ഒരുമിച്ചാണ് സ്നാനത്തിനിറങ്ങിയത്. അടിയൊഴുക്കുള്ള ഭാഗമായതിനാൽ മൂവരും ഒഴുക്കിൽപ്പെട്ടെങ്കിലും നളിനി കുമാരിയെയും മകനെയും രക്ഷിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം തെരച്ചിൽ പുരോഗമിക്കുന്നു. ഡോ. മോഹൻകൃഷ്ണൻ മെഡിക്കൽ കോളേജിലെ റിട്ട. ഡോക്ടറും കണ്ണമ്മൂല ശ്രീനാരായണ ക്ലബ് അംഗവുമാണ്.