ശബരിമല സ്വർണക്കൊള്ള: സോണിയയ്ക്ക് പങ്കില്ലെന്ന് ബേബി

Sunday 05 April 2026 12:54 AM IST

കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. സോണിയാഗാന്ധിക്കെതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്തുവന്നിട്ടുള്ളത് പ്രതികളുമൊത്തുള്ള ചിത്രങ്ങൾ മാത്രമാണ്. എന്നാൽ പെട്ടെന്ന് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്നിലധികം തവണ പ്രതികൾ എത്തിയതിൽ സംശയമുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ അറസ്റ്റുചെയ്തത് ചുമതലയിൽ വീഴ്ചവരുത്തി എന്നതിനാലാണ്. തെറ്റുചെയ്തെന്ന് കണ്ടെത്തിയാൽ ചെവിയിൽ പിടിച്ചുപുറത്ത് കളയും. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്- ബി.ജെ.പി ഡീൽ മറച്ചുവയ്ക്കാനാണ് സി.പി.എം- ബി.ജെ.പി ഡീൽ ആരോപിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി കോൺഗ്രസ്- ബി.ജെ.പി ഡീൽ നടന്നു. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിൽ ബി.ജെ.പിയെ കോൺഗ്രസ് സഹായിച്ചു. എൽ.ഡി.എഫിനു വോട്ടുചെയ്യണമെന്ന് എസ്.ഡി.പി.ഐയോട് ആവശ്യപ്പെട്ടിട്ടില്ല. ഇടതുമുന്നണി 100 സീറ്റോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.