മരുന്നുകയറ്റുമതിയിൽ കുതിച്ച് രാജ്യം

Sunday 05 April 2026 2:11 AM IST

ഫെബ്രുവരി വരെ നടന്നത് 2829 കോടി ഡോളറിന്റെ മരുന്നുകയറ്റുമതി

ഹൈദരാബാദ്: നടപ്പു സാമ്പത്തികവർഷം ഫെബ്രുവരി വരെ ഇന്ത്യയുടെ മരുന്ന് കയറ്റുമതി 2829 കോടി ഡോളറിലെത്തി. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം വളർച്ചയാണുണ്ടായത്. നിലവിൽ 6000 കോടി ഡോളർ മൂല്യമുള്ള ഈ മേഖല 2030ഓടെ 13000 കോടി ഡോളറിലെത്തുമെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഒഫ് ഇന്ത്യ ഡയറക്ടർ ജനറൽ കെ.രാജഭാനു പറഞ്ഞു.

ആഗോള വെല്ലുവിളികൾക്കിടയിലും വളർച്ചാപ്രവണത നിലനിർത്തുന്ന ചുരുക്കം മേഖലകളിലൊന്നാണ് മരുന്നുകയറ്റുമതി. ഫോർമുലേഷനുകൾ, ബയോളജിക്കൽസ്, വാക്‌സിനുകൾ, ആയുർവേദ ഉത്പന്നങ്ങൾ എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. ആഗോളതലത്തിലെ വിലസമ്മർദ്ദവും വ്യാപാര അസ്ഥിരതകളും നിലനിൽക്കെത്തന്നെ 2024–25 സാമ്പത്തികവർഷം 9.4 ശതമാനം വളർച്ചയോടെ 30.47 ബില്യൺ ഡോളറിന്റെ കയറ്റുമതി രാജ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.