പ്രകടന പത്രിക പുറത്തിറക്കി
പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രഭാകരന്റെ പ്രകടന പത്രിക 'വിഷൻ 2031' പുറത്തിറക്കി. സി.പി.എം മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി.ഉണ്ണിയിൽ നിന്നും എ.പ്രഭാകരൻ പത്രിക ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി നിതിൻ കണിച്ചേരി, ചെയർമാൻ വി.ആർ.രാജേഷ്, സുഭാഷ് ചന്ദ്ര ബോസ്, ടി.കെ.അച്യുതൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കാർഷിക വരുമാനം വർദ്ധിപ്പിക്കും, മലമ്പുഴ -വാളയാർ ഡാമുകളെ അടിസ്ഥാനമാക്കി ജലസേചന സംവിധാനം ശക്തിപ്പെടുത്തും, വന്യജീവി ആക്രമണം കുറയ്ക്കാൻ റെയിൽ ഫെൻസിംഗ് സാധ്യമല്ലാത്ത സ്ഥലങ്ങളിൽ ചെങ്കുത്തായ കോൺക്രീറ്റ് ട്രഞ്ചുകൾ നിർമ്മിക്കും, എല്ലാ വീടുകളിലേക്കും ഗെയിൽ പദ്ധതിയിൽ നിന്ന് പാചകവാതക കണക്ഷൻ പൈപ്പ് ലൈൻ വഴി ലഭ്യമാക്കും, വൃദ്ധർക്ക് മരുന്നുകളും സേവനങ്ങളുമെത്തിക്കാൻ വോളണ്ടിയർ സംവിധാനമൊരുക്കും, ഗ്രാമപ്രദേശങ്ങളിൽ പുതിയ റോഡുകൾ നിർമ്മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും, സർക്കാർ ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സൗകര്യങ്ങൾ വിപുലീകരിക്കും തുടങ്ങിയ പദ്ധതികളും ഭാവിപ്രവർത്തനങ്ങളുമാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.