കൊട്ടിക്കലാശം: നിർദ്ദേശങ്ങളുമായി മണ്ണാർക്കാട് പൊലീസ്

Sunday 05 April 2026 1:38 AM IST
കൊട്ടിക്കലാശം

മണ്ണാർക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്നണികളുടെ നേതൃത്വത്തിൽ നടത്തുന്ന കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മണ്ണാർക്കാട് പൊലീസ്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് തുടങ്ങി കൃത്യം ആറിന് അവസാനിപ്പിക്കണമെന്ന് മണ്ണാർക്കാട് എസ്.എച്ച്.ഒ. എസ്.അഷ്റഫ് അറിയിച്ചു. കൊട്ടിക്കലാശത്തിന് ഓരോ പാർട്ടിക്കാർക്കും അനുവദിച്ച സ്ഥലത്ത് മാത്രമേ പ്രകടനം നടത്താൻ പാടുള്ളു. മറ്റു പാർട്ടിക്കാരുടെ കൊടിതോരണങ്ങൾ, ഫ്ളക്സുകൾ എന്നിവ നശിപ്പിച്ച് പ്രകോപനമുണ്ടാക്കാൻ പാടില്ല. മറ്റു പാർട്ടിക്കാരുടെ പ്രകടനത്തിനിടയിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റരുത്, ഇരുചക്ര വാഹനങ്ങളിൽ വലിയ കൊടിതോരണങ്ങൾ ഉപയോഗിച്ച് പ്രകടനം നടത്തരുത്. ശബ്ദമലിനീകരണത്തിന് കാരണമാകുന്ന മോഡിഫൈ ചെയ്ത സൈലൻസർ ഉപയോഗിച്ചുള്ള വാഹനങ്ങൾ പ്രകടനത്തിലുണ്ടാവരുത്. ഇരുചക്രവാഹനറാലിയിൽ പങ്കെടുക്കുന്ന പ്രവർത്തകർ മോട്ടോർവാഹനചട്ടത്തിൽ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. മൈക്ക് അനുമതി ഉറപ്പുവരുത്തി അതിന്റെ പകർപ്പ് വാഹനത്തിന് മുന്നിൽ കാണുന്ന രീതിയിൽ പതിക്കണം. ഡി.ജെ ഉപയോഗിക്കുന്നതിനും അനുമതി വാങ്ങിക്കണം. ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന രീതിയിലും അനുമതി ഇല്ലാതെയും പടക്കങ്ങൾ പൊട്ടിക്കുന്നതും അനുവദിക്കില്ലെന്നറിയിച്ചു. യു.ഡി.എഫിന്റെ കൊട്ടികലാശത്തിന് കോടതിപ്പടി പെട്രോൾ പമ്പ് പരിസരം മുതൽ പി.ഡബ്ല്യു.ഡി. ഓഫീസിന് ശേഷമുള്ള കുന്തിപ്പുഴ പെട്രോൾ പമ്പുവരെയാണ് അനുവദിച്ചിട്ടുള്ളത്. എൽ.ഡി.എഫിന്റെ സി.പി.എം ഏരിയകമ്മിറ്റി ഓഫീസ് മുതൽ ബസ് സ്റ്റാൻഡു വരെയാണ്. ബി.ജെ.പിയുടേത് പാർട്ടി ഓഫീസ് മുതൽ ആൽത്തറ ജംഗ്ഷൻ വരെ. എസ്.ഡി.പി.ഐയ്ക്ക് ആശുപത്രിപ്പടി പെട്രോൾ പമ്പ് മുതൽ നെല്ലിപ്പുഴവരെയുമാണ് അനുവദിച്ചിട്ടുള്ളത്. കൊട്ടിക്കലാശ സമയത്ത് പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ നൊട്ടമലഭാഗത്തും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കുന്തിപ്പുഴ എത്തുന്നതിന് മുൻപും നിറുത്താനുള്ള നടപടിയെടുക്കുമെന്നും അറിയിച്ചു. പാർട്ടിനേതാക്കളുമായി നടത്തിയ ചർച്ചയിൽ എല്ലാവരുടെയും സഹകരണം ഉറപ്പാക്കിയിട്ടുള്ളതായും പൊലീസ് പറഞ്ഞു.