കല്ലൂപ്പാറയിൽ സാമൂഹ്യവിരുദ്ധ ശല്യവും മോഷണവും; കുടിവെള്ള വിതരണം മുടങ്ങി
മല്ലപ്പള്ളി: മോഷണത്തിന് പിന്നാലെ കല്ലൂപ്പാറയിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു. രണ്ട് ആഴ്ചകൾക്ക് മുൻപ് കല്ലൂപ്പാറ പുതുശേരി സ്വദേശി ഷാജിയുടെ വീട് കുത്തി തുറന്ന് 25 പവൻ സ്വർണ്ണവും,സി.സി.ടി.വിയും,ഡി.വി.ആറും കൊണ്ടുപോയതിന് പിന്നാലെയാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണപൈപ്പിലെ വാൽവ് സാമൂഹ്യവിരുദ്ധർ തകർത്തത്. ഇതോടെ കല്ലൂപ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളമെത്തുന്ന മേഖലയിൽ അതും നിലച്ചതോടെ ജനങ്ങൾ നെട്ടോട്ടം തുടങ്ങി. കല്ലൂപ്പാറ പഞ്ചായത്തിലെ ഐക്കരപ്പടി ശാസ്താങ്കൽ റോഡിൽ കുരിവിചെറ്റയിൽ സ്ഥാപിച്ചിട്ടുള്ള വാൽവാണ് കല്ലിന് ഇടിച്ചുതകർത്തത്. ഇതിന് ഉപയോഗിച്ചകല്ല് സമീപത്തുതന്നെ ഉപേക്ഷിച്ചിട്ടുണ്ട്. തുരുത്തിക്കാട് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ആഴ്ചയിലൊരു ദിവസംമാത്രമാണ് ഈ മേഖലയിൽ വെള്ളമെത്തിയിരുന്നത്. പ്ലാന്റിൽ നിന്ന് എല്ലാ പ്രദേശങ്ങളിലും ഒരേസമയം എത്തിക്കാനുള്ള പരിമിതിമൂലം കല്ലുക്കുഴി, മണ്ണിപ്പടി, മുടിമല, ഐക്കരപ്പടി,കുരിവിചെറ്റ എന്നീ ഉയർന്ന സ്ഥലങ്ങളിൽ വാൽവിലൂടെ നിയന്ത്രിച്ച് ഏതാനും മണിക്കൂറുകളിലായി പരിമിതപ്പെടുത്തിയാണ് വെള്ളമെത്തിച്ചിരുന്നത്. ഈ സംവിധാനമാണ് തകർക്കപ്പെട്ടത്. വാൽവ് നന്നാക്കി ജലവിതരണം പുനരാരംഭിക്കാൻ രണ്ടുമൂന്ന് ദിവസമെങ്കിലും വേണ്ടിവരും. വാൽവ് തകർത്ത് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തി അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ പൊലീസ് തയാറാകണമെന്നും,നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
.............................................................................
പുതിയ വാൽവിന് ഓർഡർ നൽകിയിട്ടുണ്ട്. വാൽവെത്തിച്ച് ഉടൻ തന്നെ അറ്റോമികറ്റ് പണികൾ തീർത്ത് കുടിവെള്ളം എത്തിക്കുവാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
അജിത വിൽക്കി
(കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് )