പാലക്കാടൻ കാറ്റിനെ ആര് 'ഡീൽ' ചെയ്യും

Sunday 05 April 2026 12:12 AM IST

പാലക്കാട്: മാറി മാറി വീശുന്ന പാലക്കാടൻ കാറ്റിനെ ആര് 'ഡീൽ" ചെയ്യുമെന്നാണ് അറിയാനുള്ളത്. ഇടതു-വലതു മുന്നണികൾ മാറിമാറി ജയിച്ച മണ്ഡലമാണെങ്കിലും കുറച്ചുകാലമായി എൻ.ഡി.എ രണ്ടാം സ്ഥാനത്തായതിനാൽ സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന ഹോട്ട്സ്‌പോട്ടാണ് പാലക്കാട്. കോൺഗ്രസ് സംസ്ഥാനത്ത് ആദ്യമായി സി.പി.എം-ബി.ജെ.പി ഡീൽ വിവാദം ഉയർത്തിയതും പാലക്കാടാണ്.

മണ്ഡലം നിലനിറുത്താൻ യു.ഡി.എഫ് ഇറക്കിയത് നടൻ രമേഷ് പിഷാരടിയെ. മത്സരിച്ചിടത്തെല്ലാം വോട്ടുകൾ ഇരട്ടിയാക്കിയ ചരിത്രമുള്ള ശോഭസുരേന്ദ്രനാണ് ബി.ജെ.പിക്കായി കളത്തിലിറങ്ങുന്നത്. അതേസമയം,മൂന്നാം സ്ഥാനത്തുള്ള സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഹോട്ടൽ വ്യവസായി എൻ.എം.ആർ റസാഖിനെയാണ് മത്സരിപ്പിക്കുന്നത്. ഇതാണ് ഡീൽ ആരോപണത്തിന്റെ കേന്ദ്രബിന്ദു.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും 2024ലെ ഉപതിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് നിലയുറപ്പിച്ച മണ്ഡലത്തിൽ രമേഷ് പിഷാരടിയിലൂടെ വിജയം തുടരുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ജനവിധി തേടി ജന്മനാട്ടിലേക്ക് പിഷാരടി എത്തിയതോടെ ആരംഭത്തിലെ മന്ദതമാറി കോൺഗ്രസ് ഒറ്റക്കെട്ടായി. സജീവ രാഷ്ട്രീയത്തിൽ പ്രവർത്തന പരിചയമില്ലെങ്കിലും കോൺഗ്രസ് ആശയം ഉറക്കെപ്പറഞ്ഞ പിഷാരടി പാർട്ടി അണികൾക്കും സ്വീകാര്യനാണ്. ന്യൂനപക്ഷ വോട്ടുകൾ ഇക്കുറിയും കോൺഗ്രസിന് തുണയാകുമെന്ന നിരീക്ഷണവുമുണ്ട്.

സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലം. പരമ്പരാഗതമായി ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകൾ നഷ്ടമാക്കാതെ പോക്കറ്റിലാക്കാൻ ശോഭാസുരേന്ദ്രന് കഴിയുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. വലിയ തോതിലുള്ള സ്ത്രീപക്ഷ വോട്ടുകളും ഒപ്പം തന്നെ ഹിന്ദു ന്യൂനപക്ഷ വോട്ടുകളും സമാഹരിക്കാൻ ശോഭയ്ക്കാകുമെന്ന് പ്രതീക്ഷിക്കുന്നു. 2016ൽ ബി.ജെ.പിയെ പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിച്ച സ്ഥാനാർത്ഥിയാണ് ശോഭ. ഇന്ന് പത്തു വർഷം മറികടക്കുമ്പോൾ ബി.ജെ.പിക്ക് ശക്തമായ വോട്ട് ബാങ്കും,ഭരണമുള്ള ഒരു നഗരസഭയും ബി.ജെ.പിയുടെ കൈയിലുണ്ടെന്നതും നേട്ടമാണ്.

മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് ഇടതുപക്ഷം. ഇത്തവണ നിലമെച്ചപ്പെടുത്തുക എന്നതിനുമപ്പുറം വിജയം ലക്ഷ്യമാക്കി പൊതുസ്വതന്ത്രനെ പരീക്ഷിക്കുന്നത്. പാർട്ടി സംസ്ഥാന സമിതി അംഗം പോലും മൂന്നാമത് പിന്തള്ളപ്പെട്ടിയിടത് ഇടത് പൊതു സ്വതന്ത്രനെ നിറുത്തിയത് നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാനും മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളുടെ സാദ്ധ്യതകളും മുന്നിൽ കണ്ടാണ്. 25 - 28 ശതമാനത്തോളം മുസ്ലിം ന്യൂനപക്ഷങ്ങളുള്ള മണ്ഡലത്തിൽ ഇടതു സ്വതന്ത്രൻ എം.എം.ആർ. റസാഖ് നേടുന്ന വോട്ടുകൾ നിർണായകമാകും.