ധർമ്മടത്തായിരുന്നു വോട്ടെങ്കിൽ വോട്ട് പിണറായി വിജയന്: ടി. പത്മനാഭൻ

Sunday 05 April 2026 12:23 AM IST

കണ്ണൂർ: ധർമ്മടത്തായിരുന്നു വോട്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് ചെയ്തേനെ എന്ന് കഥാകൃത്ത് ടി. പത്മനാഭൻ. പത്തു വർഷത്തെ ഭരണ നേതൃത്വത്തിന് പിണറായി വിജയന് ആദരം നൽകി സ്വരലയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'നവകേരളം വിജയ ഗാഥാ'യിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഇന്ന് ജീവനോടെ നിങ്ങളോട് സംസാരിക്കുന്നതിന് കാരണം അദ്ദേഹമാണ്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞപ്പോൾ ഡോക്ടർമാരോട് എല്ലാ ദിവസവും മുഖ്യമന്ത്രി കാര്യങ്ങൾ അന്വേഷിച്ചിരുന്നുവെന്നും പത്മനാഭൻ പറഞ്ഞു. ഓൺലൈനായി പരിപാടിയിൽ പങ്കെടുത്ത നടൻ കമലഹാസനും പിണറായി വിജയന് ആശംസകൾ നേർന്നു. രാഷ്ട്രീയം തൊഴിലല്ല ജനസേവനമാണെന്ന് കരുതുന്ന നേതാവാണ് പിണറായിയെന്ന് കമലഹാസൻ വിശേഷിപ്പിച്ചു. എഴുത്തുകാരൻ ബെന്യാമിൻ,കവി മുരുകൻ കാട്ടാക്കട,പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി,നിലമ്പൂർ ആയിഷ,മധുപാൽ,നടൻ പ്രകാശ് രാജ് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സ്വന്തം അമ്മയുടെ വേർപാടിന്റെ ദുഃഖത്തിലും പരിപാടിക്കെത്തിയ പ്രകാശ് രാജിന് നന്ദി എന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഷോ ഡയറക്ടർ ചലച്ചിത്രകാരൻ ടി.കെ രാജീവ്കുമാർ സ്വാഗതം പറഞ്ഞു.