കേരളം ബംഗാളും ത്രിപുരയുമാകില്ല: പ്രകാശ് കാരാട്ട്

Sunday 05 April 2026 12:25 AM IST

ഏത് രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും ജനത്തോടും എതിരാളികളോടും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നേതാവാണ് പ്രകാശ് കാരാട്ട്. അദ്ദേഹം കേരളകൗമുദിയുമായി സംസാരിക്കുന്നു.

? മൂന്നാം ഇടത് സർക്കാർ കേരളത്തിൽ സാധ്യമാണോ

100 ശതമാനം. കേരളം കഴിഞ്ഞ പത്തു വർഷം കൊണ്ട് മാറിയത് രാജ്യത്തിന് അഭിമാനകരമായിട്ടാണ്. അത്രമേൽ വികസനങ്ങൾ നടന്നു. പെൻഷൻ വർദ്ധിപ്പിച്ചു. ധാരാളം തൊഴിലവസരങ്ങളുണ്ടാക്കി. .

?വീണ്ടും ഭരണത്തിൽ വന്നാൽ കേരളത്തിലെ സി.പി.എമ്മിന് ബംഗാളിന്റെ അവസ്ഥയുണ്ടാകുമോ

അടിസ്ഥാന രഹിതമായ വിലയിരുത്തലാണിത്. കേരളവും ബംഗാളും ത്രിപുരയും രണ്ടാണ്. ബംഗാളിലും ത്രിപുരയിലുമെല്ലാം ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള കൂട്ടുകെട്ടാണ് ഭരണമില്ലാതാക്കിയത്. അവിടത്തെ ജനജീവിതത്തെ ജാതി രാഷ്ട്രീയത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു.

?യു.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം സി.പി.എം-ബി.ജെ.പി ഡീലാണ്

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയ രാഷ്ട്രീയ പാർട്ടിയും മുന്നണിയും ആരാണെന്ന് ഇവിടത്തെ ജനത്തിന് മുമ്പിൽ പോസ്റ്ററിടിച്ച് വയ്ക്കേണ്ടതില്ല. ഈ കേരളത്തിലല്ലേ കോ-ലി-ബി സഖ്യമുണ്ടായത്.

?ജി. സുധാകരനടക്കം പാർട്ടി വിട്ട് എതിർ പാളയത്തിലെത്തി

പ്രതിസന്ധിയുണ്ടാകാൻ പോകുന്നത് അവർക്കാണ്. അതൊന്നും കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ല. പാർലമെന്ററി വ്യാമോഹമാണ് ഇതിനെല്ലാം പിന്നിൽ. ജി. സുധാകരനെതിരെ വ്യക്തിപരമായ അധിക്ഷേപത്തിനനില്ല. പക്ഷേ,കേരളത്തിലെ പാർട്ടി അത്രമേൽ അവസരങ്ങളും പരിഗണനയും നൽകിയ നേതാവാണ് സുധാകരനെന്ന് അദ്ദേഹം ഓർക്കാതെ പോയത് ദൗർഭാഗ്യകരം.

?എം.എ. ബേബി പാർട്ടി ജനറൽ സെക്രട്ടറിയായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്.

ബേബിക്ക് കേരള രാഷ്ട്രീയം ആരും പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. ഇവിടെ പയറ്റിത്തെളിഞ്ഞ ആളാണ്.പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ മറ്റ് നാലിടങ്ങളിൽക്കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം വേണം. കാരാട്ടും യച്ചൂരിയും കേരളത്തെ കണ്ടതിനേക്കാൾ ആഴത്തിൽ മനസിലാക്കാനും ഇടപെടാനും അദ്ദേഹത്തിനാവും.

?പാർട്ടിയും സർക്കാരുമെല്ലാം പിണറായിയായിപ്പോകുന്നുണ്ടോ

അതൊക്കെ മാദ്ധ്യമങ്ങളുടെ വിലയിരുത്തലാണ്. കഴിഞ്ഞ പത്തു വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ വലിയ ആവേശമാണ് പിണറായി ഉണ്ടാക്കിയത്.

?കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിവേണമെന്ന് രാഹുൽ ഗാന്ധി പറയുന്നു. സി.പി.എം നിലപാടോ

നല്ല അഭിപ്രായമാണ്. കോൺഗ്രസ് ഇത്തരമൊരാലോചന നേരത്തേ നടത്തേണ്ടതാണ്. പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും അവർക്ക് നടത്താം. കാരണം ഇത്തവണയും അവർ നിലം തൊടില്ല. സി.പി.എമ്മിൽ പുരുഷനും വനിതയുമെന്ന വ്യത്യാസമില്ല.