ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക് 

Sunday 05 April 2026 12:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം. റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചതോടെയാണിത്. വാണിജ്യ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇതിന് നിര്‍ദ്ദേശമുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ബാങ്കുകളില്‍ സ്വര്‍ണം മാത്രം പണയം വയ്ക്കാനായിരുന്നു ഇതുവരെ അനുമതി.

സ്വകാര്യ പലിശക്കാരുടെ ചൂഷണം അവസാനിപ്പിക്കാനാണ് പണയ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പരിഷ്‌കരിച്ചത്. വെള്ളിയുരുപ്പടികളുടെ പരിശുദ്ധി അനുസരിച്ചു മൂല്യത്തിന്റെ 85 ശതമാനംവരെ വായ്പയെടുക്കാം. ഇതിനായി ബാങ്കുകള്‍ക്ക് വെള്ളി ആഭരണങ്ങളുടെ പരിശുദ്ധിയും തൂക്കവും പരിശോധിക്കാം.

വെള്ളിയുടെ മൂല്യനിര്‍ണയത്തിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 30 ദിവസത്തെ ശരാശരി വിലയിലെ കുറഞ്ഞ വിലയോ അല്ലെങ്കില്‍ ഇന്ത്യാ ബുള്ള്യന്‍ ആന്‍ഡ് അസോസിയേഷനോ സെബി നിയന്ത്രിത കമോഡിറ്റി എക്‌സ്ചേഞ്ചോ പ്രസിദ്ധീകരിക്കുന്ന തലേദിവസത്തെ ക്ലോസിംഗ് വിലയോ അടിസ്ഥാനപ്പെടുത്തിയാവണം മൂല്യം നിശ്ചയിക്കേണ്ടത്.

'വെള്ളി ഏപ്രില്‍ ഒന്നു മുതല്‍ ഉത്പന്നമായി കേരള ബാങ്കും പുറത്തിറക്കും. ഇതിന്റെ ഡിമാന്‍ഡ് എത്രത്തോളമുണ്ടെന്നതില്‍ സംശയമുണ്ട്. കേരളത്തില്‍ വെള്ളി ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ' ജോര്‍ട്ടി ചാക്കോ, സി.ഇ.ഒ കേരള ബാങ്ക്