ഹോംവോട്ടിംഗ് അവസാനിച്ചു 241722 പേർ വോട്ട് ചെയ്തു

Sunday 05 April 2026 1:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 85 വയസിന് മുകളിലുള്ള പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഏർപ്പെടുത്തിയ ഹോംവോട്ടിംഗ് അവസാനിച്ചു. ഇന്നലെ വൈകുന്നേരം 7 വരെയുള്ള കണക്ക് അനുസരിച്ച് 219793 പേർ വോട്ട് ചെയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആകെ 241722 പേരാണ് ഹോംവോട്ടിംഗിനായി പട്ടികയിലുള്ളത്.

ഇന്നലെ 16,254 പേരാണ് ഹോംവോട്ടിംഗ് വിനിയോഗിച്ചത്. തിരുവനന്തപുരം 24583, കൊല്ലം-17053, പത്തനംതിട്ട-11357, ആലപ്പുഴ-17470, കോട്ടയം-16861 ഇടുക്കി-5664, എറണാകുളം-18553,തൃശൂർ-20466, പാലക്കാട്-15519, മലപ്പുറം-17471, കോഴിക്കോട്-21648, വയനാട്-5036, കണ്ണൂർ -20683, കാസർഗോട്-7429 എന്നിങ്ങനെയാണ് ഹോംവോട്ടിംഗിൽ ആകെ വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്. 85 വയസിന് മുകളിലുള്ള 145598 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരായ 74195 പേരും വോട്ട് ചെയ്തു. മാർച്ച് 30 മുതലാണ് ഹോംവോട്ടിംഗ് തുടങ്ങിയത്. മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയായിരുന്നു ഹോം വോട്ടിംഗ്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘം വോട്ടിംഗിനായി വീടുകളിലെത്തി. പ്രത്യേകം ബൂത്ത് തയറാക്കിയാണ് വോട്ടർമാരെ വോട്ട് ചെയ്യിച്ചത്. 2227 സംഘങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്.