11 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവും പിഴയും
Sunday 05 April 2026 1:28 AM IST
കൊല്ലം: ബന്ധുവായ 11 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പരവൂർ സ്വദേശിയായ ഇരുപത്തേഴുകാരനെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ 25 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പൊഴിക്കര അമ്പലത്തിലെ അവസാന ഉത്സവ ദിവസം ബന്ധുവായ ആൺകുട്ടിയെ അമ്പലത്തിന് പിൻവശത്തുള്ള കടൽക്കരയിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. പരവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.എസ്.പ്രവീണാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐമാരായ പ്രസന്ന ഗോപൻ, സെലീന, മഞ്ജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.