സംവിധായകൻ രഞ്ജിത്ത് തിങ്കൾ വരെ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സി.ജെ.എം കോടതി തിങ്കളാഴ്ച വൈകിട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യലിനു ശേഷം പരാതിയിൽ പറയുന്ന ലൊക്കേഷനിൽ തെളിവെടുപ്പിനും എത്തിച്ചേക്കും.രഞ്ജിത് സമർപ്പിച്ച ജാമ്യഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ രഞ്ജിത്തിനെ അതീവ രഹസ്യമായാണ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റിന്റെ കാരണം അറിയിക്കണമെന്ന നടപടിക്രമം പാലിച്ചില്ലെന്നും പ്രതിഭാഗവും വാദിച്ചു.ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും രഞ്ജിത്ത് നേരിട്ട് കോടതിയിൽ ആവശ്യപ്പെട്ടു.കസ്റ്റഡി കാലാവധിയിൽ പ്രതിക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.24 മണിക്കൂർ കൂടുമ്പോൾ മെഡിക്കൽ പരിശോധന നടത്തുകയും വേണം.
ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ രഞ്ജിത്തിനെ മാർച്ച് 31നാണ് കസ്റ്റഡിയിലെടുത്തത്.