കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു, നാലുപേർ അറസ്റ്റിൽ

Sunday 05 April 2026 2:28 AM IST

കടയ്ക്കൽ: കടയ്ക്കലിൽ ഓട്ടോയിലെത്തിയ നാലംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ താമസിക്കുന്ന ഇട്ടിവ വയല ശരത് ഭവനിൽ ശരത്താണ് (39) മരിച്ചത്. കടയ്ക്കൽ മേലേപന്തളം മുക്കിൽ ചെന്നിലം റോഡിൽ ഇന്നലെ വൈകിട്ട് 5.40 ഓടെയായിരുന്നു സംഭവം. കേസിൽ വയല സ്വദേശികളായ അജീഷ് (33), ലിജോ വർഗീസ് (30), രാഹുൽ (31), ജയേഷ് (31) എന്നിവരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: ശരത്ത് നേരത്തെ കടയ്ക്കലുള്ള സ്വകാര്യ ട്രാവൽസിൽ ഡ്രൈവറും മാനേജരുമായി ജോലി ചെയ്തിരുന്നു. അന്ന് ഒപ്പം ജോലി ചെയ്തിരുന്ന വയല സ്വദേശിയായ രാഹുലുമായി കഴിഞ്ഞ ദിവസം കടയ്ക്കലിലുള്ള ബാറിൽ വച്ച് വാക്കുതർക്കം നടന്നിരുന്നു. ബാർ ജീവനക്കാർ ഇടപെട്ട് ഇരുവരെയും പറഞ്ഞുവിട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കളെ കാണാൻ മേലേപന്തളം മുക്കിലെത്തിയ ശരത്തിനെ ഓട്ടോറിക്ഷയിൽ എത്തിയ രാഹുൽ ഉൾപ്പെട്ട സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ശരീരമാസകലം വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി കുഴഞ്ഞുവീണു. നാട്ടുകാർ എത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. ശരത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു ശരത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദീപ്‌തി.ആർ.നാഥ്. മക്കൾ: ദേവപ്രിയ, ദേവദത്ത്.