ബി.ജെ.പി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തെന്ന് പരാതി
Sunday 05 April 2026 2:39 AM IST
തൃശൂർ: തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ ബി.ജെ.പി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തെന്ന് പരാതി. വിവരമറിഞ്ഞെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ കിറ്റ് വിതരണം തടഞ്ഞു. പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി,ഒളരിയിലെ കാർത്തിക സൂപ്പർ മാർക്കറ്റ് അടച്ച് സീൽ വച്ചു. തൃശൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന് വോട്ടു ചെയ്യാനായി ഒളരി ശിവരാമപുരം ഉന്നതിയിലെ വീട്ടുകാർക്ക് കിറ്റ് നൽകിയെന്നാണ് സി.പി.എം ആരോപണം. ആയിരം രൂപയുടെ പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റാണ് തയ്യാറാക്കിയിരുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. എൽ.ഡി.എഫ് നേതാക്കളായ വി.എസ്.സുനിൽ കുമാർ,അനൂപ് ഡേവിസ് കാട,കെ.എസ്.സെന്തിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം തടഞ്ഞത്. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.