വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ് അറസ്റ്റിൽ
Sunday 05 April 2026 3:42 AM IST
പെരിന്തൽമണ്ണ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ പാർട്ടി അരക്കുപറമ്പ്, കരിങ്കാളികാവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം വില്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് അലനല്ലൂർ പടുവിൽകുന്ന് ദേശത്ത് പുതുവീട്ടിൽ കബീറിനെയാണ് (36) പിടികൂടിയത്. ആറ് ലിറ്റർ മദ്യവും മദ്യം സൂക്ഷിച്ചു വച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാൾ കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിബുൺ, അനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഇലക്ഷനോടനുബന്ധിച്ചു ശക്തമായ പരിശോധനകൾ തുടരുമെന്നും അനധികൃത മദ്യ വില്പനക്കാർക്കെതിരെയും മയക്കുമരുന്ന് വില്പനക്കാർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.