കുന്ദമംഗലത്ത് വീട്ടിലുണ്ടായ സ്‌ഫോടനം പടക്ക നിർമാണത്തിനിടെ? കേസെടുത്ത് പൊലീസ്

Sunday 05 April 2026 7:06 AM IST

കോഴിക്കോട്: കുന്ദമംഗലത്തെ വീട്ടിൽ സ്ഫോടനമുണ്ടായി രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആളുകളെകൂട്ടി അനധികൃതമായി സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ചതിനും, ഇത് അപകടത്തിനും രണ്ടുപേരുടെ മരണത്തിനും കാരണമായതിനാണ് കേസ്. കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്. പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സംശയം.

വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനുള്ളിൽ ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നത് വ്യക്തമല്ല. സ്ഫോടനത്തിൽ വീടിന് കേടുപാടുകളുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.