ലോകകപ്പ് ബഹിഷ്ക്കരിച്ച് അന്ന് പിണങ്ങിപ്പോയി,​ പഴയത് എല്ലാം മറക്കാൻ ഇന്ത്യയെ പര്യടനത്തിന് ക്ഷണിച്ച് ബംഗ്ലാദേശ്

Sunday 05 April 2026 10:08 AM IST

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വീണ്ടും ഊഷ്മളമാക്കാനുള്ള നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബിസിബി ബിസിസിഐയ്ക്ക് കത്തയച്ചു. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്നാണ് ഇരു ബോർഡുകളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്.

ബംഗ്ലാദേശ് സർക്കാർ വീണതിനു പിന്നാലെ രാജ്യത്ത് ഹിന്ദുക്കൾക്കെതിരെ നടന്ന അക്രമങ്ങളിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന സമ്മർദ്ദത്തിന് പിന്നാലെയാണ് കെകെആർ മുസ്തഫിസുറിനെ പുറത്താക്കിയത്. ഈ തർക്കം രൂക്ഷമായതോടെ ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ ബംഗ്ലാദേശ് വിസമ്മതിച്ചു. ഇതിന്റെ ഫലമായി ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ലോകകപ്പിൽ കളിക്കാത്തതിനെ തുടർന്ന് കോടികളുടെ നഷ്ടമാണ് ബംഗ്ലാദേശിനുണ്ടായത്. മാത്രമല്ല ബോർഡിന്റെ തീരുമാനത്തോട് ബംഗ്ലാദേശ് താരങ്ങളും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

നിലവിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കുകയാണ് ബിസിബിയുടെ ലക്ഷ്യം. ലോകകപ്പിലൂടെ നഷ്ടപ്പെട്ട കോടികൾ ഇന്ത്യൻ പര്യടനത്തിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും ബിസിബിക്കുണ്ട്. സെപ്തംബറിൽ ബംഗ്ലാദേശ് ഇന്ത്യയുമായി മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി- 20 മത്സരങ്ങളുമാണ് കളിക്കാൻ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടീം ബംഗ്ലാദേശ് പര്യടനത്തിന് തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബംഗ്ലാദേശ് വനിതാ ടീം ഉടൻ തന്നെ ഇന്ത്യയിലേക്ക് പര്യടനം നടത്താനും താല്പര്യപ്പെടുന്നുണ്ട്.

ഫെബ്രുവരി 12-ന് രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാണ് ബംഗ്ലാദേശ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ബംഗ്ലാദേശുമായുള്ള പര്യടനത്തിൽ നിന്നും ഇന്ത്യ പിന്മാറുകയാണെങ്കിൽ വലിയ നഷ്ടമായിരിക്കും ബിസിബിക്ക് വീണ്ടും നേരിടേണ്ടി വരുന്നത്.