ഗർഭിണിയായ കാമുകിയുമായി വീട്ടിലേക്ക്; പിന്നാലെ ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്‌ഫോമറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി

Sunday 05 April 2026 12:11 PM IST

പത്തനംതിട്ട: ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻഫോമറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ട് വാര്യാപുരം സ്വദേശി ആരോമലാണ് (23) ഭീഷണി മുഴക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇവർ നടത്തിയ അനുനയനീക്കത്തിനൊടുവിലാണ് യുവാവ് താഴെയിറങ്ങിയത്.

ഇന്നലെ രാത്രി പത്തനംതിട്ട ഊന്നുകല്ലിലാണ് സംഭവമുണ്ടായത്. ഏഴ് മാസം ഗർഭിണിയായ കാമുകിയെ ഇയാൾ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയത്. ഇനി ഭർത്താവിനൊപ്പം മടങ്ങിപ്പോകില്ലെന്നാണ് യുവതിയുടെ നിലപാട്. ഇതോടെയാണ് 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻഫോമറിനുമുകളിൽ കയറി ആരോമൽ ഭീഷണി മുഴക്കിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. രാത്രിമുഴുവൻ നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് പുലർച്ചയോടെ യുവാവ് താഴെയിറങ്ങിയത്.