ട്രെയിനിൽ പാട്ടും നൃത്തവും കേക്ക് മുറിക്കലും; ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്ത് കുടുംബത്തിന്റെ വിവാഹാഘോഷം
ന്യൂഡൽഹി: വിവാഹ യാത്രയ്ക്കായി മുഴുവൻ റെയിൽവെ കോച്ചും ബുക്ക് ചെയ്ത് കുടുംബം. ഉത്തരേന്ത്യയിൽ നിന്നുള്ള കുടുംബമാണ് ഇത്തരത്തിൽ കല്യാണ യാത്രയ്ക്കായി ഒരു ബോഗി മുഴുവൻ റിസർവ് ചെയ്‌ത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.ഒരു സഞ്ചരിക്കുന്ന കല്യാണ ഓഡിറ്റോറിയമായി മാറിയ കോച്ചിനുള്ളിലെ ആഘോഷം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ.
കോച്ചിന്റെ നെയിം പ്ലേറ്റിൽ മാല ചാർത്തിയും അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ ഒട്ടിച്ചുമാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന കാഴ്ച വീഡിയോയിൽ കാണാം. ട്രെയിൻ നീങ്ങുന്നതിനൊപ്പം തന്നെ ആവേശവും വാനോളമുയരുന്നുണ്ട്.
വധുവിന്റെ വീട്ടുകാർക്ക് അമ്മാവനും കുടുംബവും സമ്മാനങ്ങൾ നൽകുന്ന ചടങ്ങിന്റെ ഭാഗമായി അടുക്കി വച്ചിരിക്കുന്ന പുതപ്പുകളും സമ്മാനപ്പെട്ടികളും കോച്ചിലെ സീറ്റുകളിൽ കാണാം. കുടുംബാംഗങ്ങൾക്കിടയിൽ വധു കേക്ക് മുറിച്ച് ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. ടിക്കറ്റ് പരിശോധിക്കാൻ തിരക്കിനിടയിലൂടെ എത്തിയ ടിടിഇ പോലും കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് തന്റെ ജോലി തുടരുന്നതും വേറിട്ട കാഴ്ചയായി. ദ്യശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
'കുടുംബത്തോടൊപ്പം ഇത്തരത്തിലൊരു യാത്ര നടത്തുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. നമ്മുടെ രാജ്യത്തെ സംസ്‌കാരം വിളിച്ചോതുന്ന മനോഹര കാഴ്ചകുടിയാണ് ഈ വെഡിംഗ് ട്രിപ്പ്',- ഒരാൾ കുറിച്ചു. 'ഒരു ട്രെയിൻ കോച്ചിനുള്ളിലാണ് ഇത് നടക്കുന്നതെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.എന്തൊരു പോസിറ്റീവ് എനർജിയാണ് എല്ലാവർക്കും',-മറ്റൊരാൾ കമന്റ് ചെയ്തു. എന്നാൽ ട്രെയിനിലെ ഇത്തരം ആഘോഷങ്ങൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ട്രെയിൻ പൊതു ഇടമാണെന്നും അവിടെ ഇങ്ങനെയുള്ള ബഹളങ്ങൾ ഒഴിവാക്കണമെന്നും ചിലർ ഓർമ്മിപ്പിച്ചു. സാധാരണക്കാർക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ഇങ്ങനെ കോച്ചുകൾ മൊത്തമായി ബുക്ക് ചെയ്യുന്നത് ശരിയാണോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.
വിമർശനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിയമപരമായി ഇന്ത്യൻ റെയിൽവെ നൽകുന്ന ഒരു സേവനമാണിത്. ഫുൾ ട്രാഫിക് റേറ്റ് (എഫ്ടിആർ) സംവിധാനത്തിലൂടെ ആർക്കും റെയിൽവെ കോച്ചോ ഒരു ട്രെയിൻ മുഴുവനായോ ബുക്ക് ചെയ്യാവുന്നതാണ്. (ftr.irctc.co.in) (https://www.google.com/search?q=https://ftr.irctc.co.in) എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ പ്രധാന സ്റ്റേഷനുകളിൽ ഓഫ്‌ലൈനായോ ബുക്ക് ചെയ്യാം. യാത്രയ്ക്ക് ആറ് മാസം മുൻപെങ്കിലും അപേക്ഷ നൽകണം. ഒരു കോച്ച് ബുക്ക് ചെയ്യുന്നതിന് ഏകദേശം 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടതുണ്ട്.
When a Marwari wedding party books a railway coach! #IndianRailways #marriage pic.twitter.com/Yf52D2cISk
— Ananth Rupanagudi (@Ananth_IRAS) April 4, 2026