കിലോയ്ക്ക് 2000 രൂപ വരെ; മൂന്ന് വർഷം കൊണ്ട് കെെനിറയെ സമ്പാദിക്കാം, ഈ ചെടി ധെെര്യമായി നട്ടോള്ളൂ

Sunday 05 April 2026 3:21 PM IST

ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ പഴമാണ് ബ്ലൂബെറി. ഇവ ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ദഹനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബ്ലൂബെറികൾ ഇന്ത്യൻ മണ്ണിലും തഴച്ചുവളരുന്നവയാണ്. ഉയർന്ന വിപണി മൂല്യമുള്ള ഇത് രാജ്യത്തെ കർഷകർക്ക് ഒരു മികച്ച വാണിജ്യവിളയാണ്. വിദേശത്തുനിന്നാണ് രാജ്യത്തിലേക്ക് കൂടുതലായി ബ്ലൂബെറി ഇറക്കുമതി ചെയ്യുന്നത്. കിലോയ്ക്ക് വിപണിയിൽ 2000 രൂപവരെയാണ് വില.

സാധാരണയായി തണുത്ത കാലാവസ്ഥയിലാണ് ഇവ വളരുന്നത്. അതിനാൽ തണുപ്പുള്ള പ്രദേശങ്ങളിൽ ശാസ്ത്രീയമായ പരിചരണത്തിലൂടെ ബ്ലൂബെറി വിജയകരമായി കൃഷി ചെയ്യാം. സൂര്യപ്രകാശം ലഭിക്കുന്നതും എന്നാൽ കാറ്റിൽ നിന്ന് സംരക്ഷണം ഉള്ളതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലത്തുവേണം ബ്ലൂബെറി കൃഷി ചെയ്യാൻ.

മണ്ണിന്റെ pH 4.5 മുതൽ 5.5 വരെയായി ക്രമീകരിക്കണം. ഇതിനായി കോക്കോപിറ്റ്, പീറ്റ് മോസ്, പെർലെറ്റ് എന്നിവ ചേർത്ത മിശ്രിതത്തിൽ ഗ്രോബാഗിലോ, ഉയർത്തിയ തടങ്ങളിലോ നടാം. ചെടികൾ തമ്മിൽ 1,.5 മുതൽ രണ്ട് മീറ്റർ വരെ അകലം പാലിക്കണം. വായുസഞ്ചാരം ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണ്. ഉയർത്തിയ തടങ്ങളിൽ നട്ടാൽ വെള്ളക്കെട്ട് ഒഴിവാക്കാം.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തണുപ്പുള്ള പ്രദേശങ്ങളിൽ കൃത്യമായശ്രദ്ധയോടെ ഈ കൃഷി ചെയ്യാൻ സാധിക്കും. വേനൽക്കാലത്ത് ദിവസവും നനയ്ക്കണം. ചെടിയുടെ ചുവട്ടിൽ ചകിരിച്ചോറോ മരപ്പൊടിയോ ഇട്ട് ഈർപ്പം നിലനിർത്താം. ചെടി നട്ട് മൂന്ന് വർഷം കൊണ്ട് നല്ല വിളവ് ലഭിക്കും.