'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'നായി മോഹൻലാലിനെ അഭിമുഖം ചെയ്ത നാലാമൻ;  ആദ്യകാല സിനിമാനടൻ അമാൻ നവോദയ അന്തരിച്ചു

Sunday 05 April 2026 4:25 PM IST

ആലപ്പുഴ: ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഇന്ന് പുലർച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം. അഭിനയത്തിന് പുറമേ കലാസംവിധായകൻ, നിശ്ചലഛായാഗ്രാഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങിയമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഉദയായുടേയും നവോദയയുടേയും സിനിമകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

ഉദയായിൽ മേക്കപ്പ്മാന്റെ സഹായിയായി തുടങ്ങി. തിരക്കഥ പകർത്തിയെഴുതുന്ന ജോലികൾ ഉൾപ്പടെ ആദ്യകാലത്ത് ചെയ്തിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചൻ നവോദയ സ്റ്റുഡിയോ ആരംഭിച്ചപ്പോൾ അമാനും ഒപ്പം ചേർന്നു. 'മഞ്ഞിൽ വിരഞ്ഞ പൂക്കൾ' എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാലിനെ അഭിമുഖം നടത്തിയ കൂട്ടത്തിൽ സിബി മലയിലിനും ജിജോ പുന്നൂസിനും ഫാസിലിനുമൊപ്പം അമാനുമുണ്ടായിരുന്നു.

ആലപ്പുഴയിലെ ലജ്നത്തുൽ വാർഡിൽ ഫാത്തിമ കോട്ടേജിലായിരുന്നു താമസം. ഭാര്യ: ഹലീമ ബീവി. മക്കൾ: സിറാജ് അമാൻ, അജീബ് അമാൻ, ഹലീന അമാൻ മരുമക്കൾ: ഷെർമിൻ സിറാജ്, സബീന അജീബ്, അൻവർ ഹുസെെൻ.