വൈപ്പിൻ റോ റോ സർവീസ് : കോർപ്പറേഷന് അതൃപ്തി, മെച്ചപ്പെടുത്താൻ നടത്തിപ്പുകാർ
കൊച്ചി: ഫോർട്ട് കൊച്ചി-വൈപ്പിൻ റോ റോ സർവീസിൽ അതൃപ്തിയുമായി കൊച്ചി കോർപ്പറേഷൻ. സർവീസ് നടത്തിപ്പ് തൃപ്തികരമല്ലെന്നും കൃത്യമായ ലാഭവിഹിതം കിട്ടുന്നില്ലെന്നുമാണ് കൊച്ചി കോർപ്പറേഷന്റെ പരാതി. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ റോ റോയുടെ നടത്തിപ്പുകാർ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ,എൻ.സിക്കെതിരെ വിമർശനം ഉയർന്നു. റോ റോ നടത്തിപ്പ് കെ.എം.ആർ.എൽ പോലെ ഏതെങ്കിലും സ്ഥാപനത്തിനോ സ്വകാര്യ ഏജൻസിക്കോ കൈമാറണമെന്നായിരുന്നു കൗൺസിലർമാരുടെ ആവശ്യം.
എന്നാൽ, കൊച്ചി കോർപ്പറേഷൻ സമ്മതിച്ചാൽ ഫോർട്ട് കൊച്ചി-വൈപ്പിൻ റോ റോ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ തയ്യാറായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി). എട്ടുകൊല്ലം മുമ്പ് ഏർപ്പെടുത്തിയ ടിക്കറ്റ് നിരക്കുകൾ കാലാനുസൃതമായി ഉയർത്തണമെന്ന് മാത്രം.
ജങ്കാറുകളുടെ ഉടമകൾ കോർപ്പറേഷനാണ്.
കൗൺസിൽ യോഗത്തിൽ ആരോപണങ്ങൾ ഉയർന്നെങ്കിലും കോർപ്പറേഷനിൽ നിന്ന് ഒരു കത്തുപോലും കെ.എസ്.ഐ.എൻ.സിക്ക് കിട്ടിയിട്ടില്ല. റോ റോയുടെ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയോ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
സർവീസ് മുടങ്ങരുതെന്ന് യാത്രക്കാർ
ജങ്കാർ സർവീസ് സ്വകാര്യവത്കരിക്കുന്നതിനോട് ഭൂരിഭാഗം യാത്രക്കാരും യോജിക്കുന്നില്ല. ഇടയ്ക്കിടെ ജങ്കാർ സർവീസ് മുടങ്ങുന്നതിൽ പ്രതിഷേധമുണ്ട്. മെച്ചപ്പെട്ട സേവനം ലഭ്യമാകാൻ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് നടപടികൾ ആവശ്യമാണ്. റോ റോ ജെട്ടികളും ടിക്കറ്റ് കൗണ്ടറുമുൾപ്പെടെ കോർപ്പറേഷൻ വക സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.
രാവിലെ 6 മുതൽ രാത്രി 8വരെയും രാവിലെ 8 മുതൽ രാത്രി 10വരെയും രണ്ട് സർവീസുകൾ
ഒരു ജങ്കാറിന് 300 ലിറ്റർ ഡീസൽ പ്രതിദിനം ആവശ്യമാണ്.
രണ്ട് ഷിഫ്റ്റുകളിൽ പണിയെടുക്കുന്ന ജീവനക്കാരുടെ വേതനത്തിന് വലിയൊരു തുക വേണം.
ജങ്കാറിൽ ഒരു ഭാഗത്തേക്ക് മാത്രം യാത്രാ ടിക്കറ്റ് നിരക്ക് 3 രൂപയാണ്. ഓട്ടോയ്ക്ക് 30, ബൈക്കിന് 10, ചെറിയ കാറുകൾക്ക് 40 എന്നിങ്ങനെയാണ് നിരക്ക്.
ഉച്ചയ്ക്ക് 12ന് വൈപ്പിൻ ജെട്ടിയിൽ കെട്ടിയിടുന്ന ജങ്കാർ വൈകിട്ട് 4നാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ സമയം ഒരു ജങ്കാറിന്റെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. ഒരെണ്ണം അറ്റകുറ്റപ്പണിക്ക് കയറ്റുമ്പോഴും സ്ഥിതി ഇതാണ്. മുടക്കമില്ലാതെ രണ്ട് ജങ്കാറുകളും ഓടാൻ നടപടിയെടുക്കണം. കഴിഞ്ഞദിവസം വൈപ്പിൻ ജെട്ടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ പേരിൽ സർവീസ് മുടങ്ങി. ഇത്തരം സാഹചര്യം ഒഴിവാക്കാൻ വൈപ്പിൻ സ്റ്റാൻഡിന് പിന്നിലെ പഴയ ജെട്ടി കൂടി ജങ്കാറിന് അനുയോജ്യമാക്കണം.
റോഷി ജോസഫ് മുണ്ടംവേലി
ഓപ്പറേഷൻ എക്സിക്യൂട്ടീവ്
ഡി.പി വേൾഡ് ( സ്ഥിരം യാത്രക്കാരൻ)
മറ്റേതെങ്കിലും സ്വകാര്യ ഏജൻസിക്ക് സർവീസ് നടത്തിപ്പ് കൈമാറുന്നതിനേക്കാൾ പൊതുമേഖലയിൽ നിലനിറുത്തുന്നതാണ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം നല്ലത്. മുടക്കമില്ലാതെ സർവീസ് നടത്താൻ ഒരു ജങ്കാർ കൂടി ഉടൻ ഏർപ്പെടുത്തണം.
സി.വി ഗിരിജൻ,
ഫോർട്ട് കൊച്ചി, ( തട്ടുകട നടത്തിപ്പുകാരൻ)