അനൂപ് ജേക്കബിന്റെ പര്യടനത്തിന്റെ ഭാഗമായി കാളവണ്ടി അസോസിയേഷൻ
തിരുമാറാടി: പിറവം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ തിരുമാറാടി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് കാളവണ്ടി അസോസിയേഷൻ ടീമുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കാളികളായി. കാക്കൂർ കാളവയൽ കാർഷിക മേളയിൽ പങ്കെടുക്കാറുള്ള അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി സോമൻ കൊളാപ്പിള്ളി സ്ഥാനാർത്ഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സിനു കാക്കൂർ, ശിവൻ മലങ്കര തൊടുപുഴ, ബിനോയ് കല്ലൂർക്കാട്, ജയ്‌മോൻ വഴിത്തല, തൊമ്മൻ താണി കുന്നേൽ പാമ്പാക്കുട, ചാക്കോ ചേട്ടൻ ഞീഴൂർ, ജോസ് കുമ്പാടൻ, സി.വി. അപ്പു തിരുമാറാടി എന്നിവർ കാളവണ്ടി റാലിക്ക് നേതൃത്വം നൽകി.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കർഷകരുടെ ഉത്സവങ്ങളായ കാളയോട്ടം, മരമടി, കന്നുപൂട്ട് എന്നിവയുടെ തടസം നീക്കി ടൂറിസവുമായി ബന്ധപ്പെടുത്തി മികവുറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് അനൂപ് ജേക്കബ് പ്രഖ്യാപിച്ചു.