തീയായി മുഹമ്മദ് ഷമി; ഹൈദരാബാദിനെ വീഴ്ത്തി ലക്‌നൗവിന് ആദ്യ ജയം

Sunday 05 April 2026 7:29 PM IST

ഹൈദരാബാദ്: ഐപിഎല്‍ സീസണില്‍ ആദ്യ ജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ലക്‌നൗ പരാജയപ്പെടുത്തിയത്. 157 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് ബാ്ക്കി നില്‍ക്കെയാണ് ലക്‌നൗ മറികടന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ടീമിന്റെ ആദ്യ ജയമാണിത്. മറുവശത്ത് മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദിന് രണ്ട് തോല്‍വിയും ഒരു ജയവുമാണുള്ളത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിനായി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 45(27), മിച്ചല്‍ മാര്‍ഷ് 14(12), ആയുഷ് ബദോനി 12(9), നിക്കോളാസ് പൂരന്‍ 1(4), അബ്ദുള്‍ സമദ് 16(12) രണ്‍സ് വീതം നേടി. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റിഷഭ് പന്ത് 68(50) ആണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പന്ത് അര്‍ദ്ധസെഞ്ച്വറി നേടിയത്. മുകുള്‍ ചൗധരി 2*(5) ക്യാപ്റ്റന് ഒപ്പം പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ഹര്‍ഷ് ദൂബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എഹ്‌സാന്‍ മലിംഗ്, ശിവാംഗ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. നാലോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ഹിറ്റ് ഓപ്പണിംഗ് ജോഡിയായ അഭിഷേക് ശര്‍മ്മ 0(2), ട്രാവിസ് ഹെഡ് 7(8) എന്നിവരെയാണ് ഷമി മടക്കിയത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ 0(1) ഗോള്‍ഡന്‍ ഡക്കിന് പ്രിന്‍സ് യാദവും പുറത്താക്കിയതോടെ ഹൈദരാബാദ് മുന്‍നിര തകര്‍ന്നു.

14 റണ്‍സെടുത്ത ലിയം ലിവിംഗ്‌സ്റ്റണ്‍ കൂടി പുറത്തായതോടെ 26ന് നാല് എന്ന നിലയിലായി സ്‌കോര്‍. അഞ്ചാം വിക്കറ്റില്‍ ഹെയ്ന്റിച്ച് ക്ലാസന്‍ 62(41) - നിതീഷ് കുമാര്‍ റെഡ്ഡി 56(33) എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഹൈദരാബാദിനെ കരകയറ്റിയത്. ഇരുവരും ചേര്‍ന്നുള്ള സഖ്യം 63 പന്തുകളില്‍ 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് വന്ന അനികേത് വര്‍മ്മ 2*(5), ഹര്‍ഷ് ദൂബെ 0(1), സിവാംഗ് കുമാര്‍ 5(4), ഹര്‍ഷല്‍ പട്ടേല്‍ 4(2) റണ്‍സ് വീതം നേടി. ഷമിക്ക് പുറമേ പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദിഗ്‌വേഷ് സിംഗ് രാത്തി, മണിമാരന്‍ സിദ്ദാര്‍ദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.