നാലുദിവസം കൊടുംകാട്ടിൽ ഒറ്റയ്ക്ക്, കൈയിൽ ഒരു കുപ്പി വെള്ളം മാത്രം; ദിശ മാറിപ്പോയതാണെന്ന് ശരണ്യ
ബംഗളുരു : കുടകിൽ ട്രക്കിംഗിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യ കൊടുകാട്ടിൽ കഴിഞ്ഞത് നാലുദിവസം. നാലാം ദിനമാണ് പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തെരച്ചിലിന് ഒടുവിൽ ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയണ്ടമോൾ മലയിലേക്കായിരുന്നു ശരണ്യ ട്രക്കിംഗ് നടത്തിയത്. ഏപ്രിൽ 2ന് യവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ താമസിച്ചാണ് ട്രക്കിംഗിന് പോയിരുന്നത്. കാട്ടാനകളുടെ സാന്നിദ്ധ്യം കാരണം വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘത്തോടൊപ്പം പോകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് ഇവരെ കാണാതാകുകയായിരുന്നു.
ട്രക്കിംഗിന് പോയ സംഘത്തിലെ മറ്റെല്ലാവരും വൈകിട്ട് തിരികെ എത്തിയെങ്കിലും ശരണ്യയെ കണ്ടെത്താനായില്ല. താൻ വഴി തെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചതിന് ശേഷം ഫോൺ സിച്ച് ഓഫായി.ഒരു കുപ്പി വെള്ളം മാത്രമാണ് കൈയിൽ ഉണ്ടായിരുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാൽ ഡ്രോൺ ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വനമേഖലയിൽ നിന്ന് പുറത്തെത്തിച്ച ശരണ്യയെ തൊട്ടടുത്തുള്ള കാക്കബെ ഗ്രാമത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകും. ശരണ്യയുടെ ആരോഗ്യനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെങ്കിൽ വീട്ടിലേക്ക് പോകും. കൊച്ചിയിൽ ഐ.ടി പ്രൊഫഷണലായ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ശരണ്യയെ ഏപ്രിൽ 2നാണ് കാണാതായത്. നാലുദിവസത്തെ നിരന്തരമായ തെരച്ചിലിന് ശേഷം ഞായർ വൈകിട്ടാണ് ശരണ്യയെ കണ്ടെത്തിയത്.