വേദി വിട്ടതിന് പിന്നാലെ എസ്പിജിക്ക് മോദിയുടെ കോള്‍; പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇക്കാര്യം

Sunday 05 April 2026 8:38 PM IST

പത്തനംതിട്ട: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത്. ഇതില്‍ പത്തനംതിട്ടയിലെ പരിപാടി സംഘടിപ്പിച്ചത് തിരുവല്ലയിലാണ്.

ഇവിടെ പൊതുയോഗത്തില്‍ സംസാരിച്ചതിന് ശേഷം വേദി വിട്ട പ്രധാനമന്ത്രി പത്ത് മിനിറ്റിനുള്ളില്‍ സുരക്ഷ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു. പതിവില്ലാത്ത ഫോണ്‍കോള്‍ എത്തിയപ്പോള്‍ ആദ്യമൊന്ന് ആകുലപ്പെട്ടെങ്കിലും പ്രധാനമന്ത്രിയുടെ ആവശ്യം കേട്ടപ്പോള്‍ ആശ്വാസമായി.

തിരുവല്ലയിലെ ബിജെപി വേദിയില്‍ കണ്ട പേപ്പര്‍ വെയ്റ്റ് ഡല്‍ഹിക്ക് അയയ്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പര്‍ വെയ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരുവല്ലയില്‍ ആകര്‍ഷിച്ചത്. ഫെങ് ഷൂയി എന്നത് ചൈനീസ് വാസ്തു വിദ്യയുടെ ഭാഗമാണ്. പ്രതലത്തില്‍ ഉറച്ച ശേഷം താമര കറക്കാന്‍ കഴിയുന്ന തരത്തിലെ പേപ്പര്‍ വെയ്റ്റാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ വേദിയിലുണ്ടായിരുന്നത്.

ക്രിസ്റ്റലില്‍ നിര്‍മിച്ച 16 ദളങ്ങളോടു കൂടിയ താമര തിരുവല്ലയിലെ സ്വകാര്യ ബസ് സ്റ്റാഡിനു സമീപത്തെ കടയില്‍ നിന്നാണു വാങ്ങിയത്. 2 എണ്ണം വേണമെന്നാണു പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ഇന്നലെ രാത്രി തന്നെ ഗ്രീന്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന സംഘാടകര്‍ തിരുവല്ല പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലെത്തി അവിടെയുണ്ടായിരുന്ന എസ്പിജി സംഘത്തിന് ഇവ കൈമാറുകയും ചെയ്തു.