നാളെ കൊട്ടിക്കലാശം

Monday 06 April 2026 12:28 AM IST
VOTE

@കൂട്ട പൊരിച്ചിലിൽ മുന്നണികളും സ്ഥാനാർത്ഥികളും

കോഴിക്കോട്: ഇനി മൂന്നാം നാൾ തിരഞ്ഞെടുപ്പ്. നാളെ വെെകിട്ടാണ് കൊട്ടിക്കലാശം. അതിന് മുമ്പ് വോട്ട് ചോദ്യവും പ്രചാരണവുമായി കൂട്ടപ്പൊരിച്ചിലിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. കൊട്ടിക്കലാശത്തോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങളോ സംഘർഷമോ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു.

വാദ്യഘോഷങ്ങളുടെ അകമ്പടിയൊടെ കൊട്ടിക്കലാശം കളറാക്കാനുള്ള ഒരുക്കത്തിലുമാണ് സ്ഥാനാർത്ഥികളും മുന്നണികളും. ഓരോ മണ്ഡലത്തിലും വിവിധ കേന്ദ്രങ്ങളിൽ കൊട്ടിക്കലാശത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. മൂന്നു മുന്നണികളും തങ്ങൾക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇപ്പോൾ ജില്ലയിൽ ആകെ 13 സീറ്റുകളിൽ 11 സീറ്റുകൾ എൽ.ഡി.എഫിനാണ്. വടകരയിൽ ആർ.എം.പിയും കൊടുവള്ളിയിൽ ലീഗുമാണ് യു.ഡി.എഫിനുള്ളത്. പതിറ്റാണ്ടുകളായി ജില്ലയിൽ നിയമസഭാംഗം ഇല്ലാത്തതിന്റെ ക്ഷീണം മറിടക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ജില്ലയിലെ 13 മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതിനൊപ്പമാണ് ജില്ല നിൽക്കാറുള്ളത്. യു.ഡി.എഫ് തരംഗമുണ്ടായ കാലത്തു പോലും ഇടതുകോട്ടകളിൽ വിള്ളലുണ്ടായിട്ടില്ല. ഇത്തവണ ഇതിന് മാറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.

ബേപ്പൂരിൽ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എലത്തൂരിൽ നിന്ന് മന്ത്രി എ.കെ ശശീന്ദ്രൻ, പേരാമ്പ്രയിൽ നിന്ന് എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ടി.പി രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖർ ജനവിധി തേടുന്നുണ്ട്. നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് ബി.ജെ.പി കരുതുന്ന മണ്ഡലങ്ങളുമുണ്ട്. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. മുഴുവൻ സീറ്റിലും തങ്ങളും വിജയപ്രതീക്ഷ വച്ചു പുലർത്തുന്നുവെന്ന് യു.ഡി.എഫും പറയുന്നു. ബേപ്പൂർ, കോഴിക്കോട് നോർത്ത്, സൗത്ത്, കുന്ദമംഗലം മണ്ഡലങ്ങളിൽ ബി.ജെ.പി വിജയ പ്രതീക്ഷ വച്ചുപുലർത്തുന്നു.

മണ്ഡലങ്ങൾ..... വോട്ടർമാർ

വടകര....1,76,316

കുറ്റ്യാടി....2,15,166

നാദാപുരം....,32,764

കൊയിലാണ്ടി....2,12,511

പേരാമ്പ്ര....2,05,533

ബാലുശ്ശേരി....2.28,383

എലത്തൂർ....2,10,691

കോഴിക്കോട് നോർത്ത്....1,72,455

കോഴിക്കോട് സൗത്ത്....1,55,619

ബേപ്പൂർ....2,17,874

കുന്ദമംഗലം....2,41,147

തിരുവമ്പാ‌ടി....1,91,695

കൊടുവള്ളി....2,01,346

ജില്ലയിൽ വോട്ടർമാർ ആകെ.... 26,57,478

സ്ത്രീകൾ.... 13,59,102

പുരുഷന്മാർ.... 12,98,343

ട്രാൻസ്ജൻഡർ.... 33

പ്രവാസികൾ.... 57,679

കന്നി വോട്ടർമാർ (18-19 വയസ്).... 56,127

വോട്ടെടുപ്പ് കേന്ദ്രങ്ങൾ....2,837

  • ഇവ സജ്ജം

3,550 ബാലറ്റ് യൂണിറ്റ്

3,550 കൺട്രോൾ യൂണിറ്റ്

3,830 വി.വി പാറ്റുകൾ