തടിയന്റമോൾ ട്രെക്കിംഗ് : മേഘക്കൂട്ടം കാഴ്ച മറയ്ക്കും, ഓറഞ്ച് റിബൺ വഴികാട്ടി
മടിക്കേരി (കർണ്ണാടക):കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് തടിയന്റമോൾ. 5,735 അടി ഉയരമുണ്ട്.
മുകളിലേക്ക് ചെല്ലുംതോറും മൂടൽമഞ്ഞിലൂടെയും മേഘങ്ങളിലൂടെയുമാണ് യാത്ര.അപകടത്തിൽ പെടാതിരിക്കാൻ
വനം വകുപ്പ് മരങ്ങളിൽ കെട്ടിയിരിക്കുന്ന ഓറഞ്ച് റിബണുകൾ പാതയുടെ അടയാളങ്ങളായി പ്രവർത്തിക്കുന്നു. ശരിയായ പാത തിരിച്ചറിയാനാണിത്.
പന്ത്രണ്ട് കിലോ മീറ്ററാണ് ദൂരം. ഇത് കയറിയെത്താൻ ചുരുങ്ങിയത് നാലര മണിക്കൂറെങ്കിലും എടുക്കും. തിരിച്ചിറങ്ങാൻ മൂന്ന് മണിക്കൂറും.
പശ്ചിമഘട്ട പാതയിലൂടെയാണ് ട്രെക്കിംഗ് യാത്ര. ഇടതൂർന്ന ചോല വനങ്ങളിലൂടെയും കടന്നുപോകണം. അരുവികളും അതിമനോഹരമായ പുൽമേടുകളും യാത്രയ്ക്ക് ഹരം പകരും. കുന്നിൻ ചുവട്ടിൽ കൂർഗിലെ ഭരണാധികാരികൾ ഉപയോഗിച്ചിരുന്ന പുരാതന ചരിത്ര കൊട്ടാരവുമുണ്ട് - നൽക്നാദ്.
ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയിലെ ഭാഗമണ്ഡല റേഞ്ച് വനത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലാണ് ഈ കൊടുമുടി.
കക്കാബെ പാലത്തിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. കുടകിന്റെ മാത്രം കുത്തകയായ വിശാലമായ കാപ്പിത്തോട്ടങ്ങളും കുരുമുളക് തോട്ടങ്ങളും വഴിയാണ് യാത്ര ആരംഭിക്കുന്നത്. കറ്റാർ വാഴ, ജാതിക്ക, ഫിഷ്‌ടെയിൽ ഈന്തപ്പനകൾ, മറ്റ് പലതരം മരങ്ങൾ എന്നിവയും യാത്രയിൽ കാണാം.
സന്ധ്യയ്ക്ക് മുമ്പ് തിരിച്ചെത്തണം
# എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകന്നേരം 6 വരെയാണ് ട്രെക്കിംഗ്. ഉച്ചയ്ക്ക് 2.30 ന് ശേഷം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കടന്ന് ട്രെക്കിംഗ് നടത്താൻ അനുവാദമില്ല.
ട്രെക്കിംഗ് ആരംഭിക്കാൻ ഏറ്റവും അനയോജ്യമായ സമയം അതിരാവിലെ അല്ലെങ്കിൽ ഉച്ചയ്ക്ക് മുമ്പാണ്.
# സന്ധ്യയ്ക്ക് മുമ്പ് തടിയന്റമോളിന്റെയോ കക്കാബെയുടെയോ അടിത്തട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കണം. സൂര്യൻ അസ്തമിക്കുമ്പോൾ, കക്കാബെയുടെ അടിത്തട്ടിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും.
സെപ്തംബർ മുതൽ ഫെബ്രുവരിവരെയാണ് സീസൺ.കാട്ടുതി ഉളളതുകൊണ്ട് ഏപ്രിൽ മുതൽ ജൂൺവരെ ട്രക്കിംഗ് അനുവദിക്കാറില്ല.