സി.ബി.എസ്.ഇ: പത്താം ക്ലാസ് വരെ മലയാളം പഠിക്കണം

Monday 06 April 2026 12:00 AM IST

തിരുവനന്തപുരം: സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു. പതിറ്റാണ്ടുകളായി ഓപ്ഷണലായിരുന്ന മലയാളം പഠനം പത്താം ക്ലാസ് വരെ നിർബന്ധിതമാക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പുതിയ ത്രിഭാഷാ പദ്ധതി .

.2026-27 അദ്ധ്യയന വർഷം മുതൽ ആറാം ക്ലാസിൽ ആരംഭിക്കുന്ന പരിഷ്‌കാരം, കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ മലയാളത്തിന് സുപ്രധാന പദവി ഉറപ്പു വരുത്തും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടതിന് പിന്നാലെയാണിത്. പദ്ധതി പ്രകാരം പ്രദേശിക ഭാഷയടക്കം മൂന്ന് ഭാഷകൾ പഠിക്കണം.

മാതൃഭാഷയ്ക്ക്

മുൻഗണന

നിലവിൽ പല സി.ബി.എസ്.ഇ സ്‌കൂളുകളിലും എട്ടിന് ശേഷം കുട്ടികൾ പഠിക്കേണ്ട ഭാഷ തിരഞ്ഞെടുക്കാമായിരുന്നു. പുതിയ ക്രമീകരണമനുസരിച്ച് 2030-ഓടെ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മലയാളം ഉൾപ്പെടെയുള്ള മാതൃഭാഷകൾ നിർബന്ധമാകും.വരുന്ന അദ്ധ്യയന വർഷത്തെ ആറാം ക്ലാസ് ബാച്ച് 2030-ൽ പത്താം ക്ലാസിൽ എത്തുമ്പോഴാവും പുതിയ ബോർഡ് പരീക്ഷാ രീതി പൂർണ്ണമായും നിലവിൽ വരുക.

'എല്ലാ സംസ്ഥാനങ്ങളും അവരുടെ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കണമെന്ന് ദേശീയ നയത്തിൽ പറയുന്നു. മൂന്നാമതായി ഹിന്ദിയോ ,സ്കൂളുകൾ തിരഞ്ഞെടുക്കുന്ന മറ്റു ഭാഷകളോ പഠിക്കാം.'

-ഡോ. ഇന്ദിരാ രാജൻ

സെക്രട്ടറി ജനറൽ

നാഷണൽ കൗൺസിൽ ഒഫ്

സി.ബി.എസ്.ഇ സ്കൂൾസ്