മലമ്പുഴയിലെ ചുവപ്പ് മാറുമോ
പാലക്കാട്: കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ മലമ്പുഴയിൽ പോരാട്ടം കനപ്പിച്ച് മുന്നണികൾ. നായനാരിനെയും ശിവദാസമേനോനെയും വി.എസ്.അച്യുതാനന്ദനെയും നിയമസഭയിലേക്ക് വിജയിപ്പിച്ചയച്ച മലമ്പുഴയിൽ ഇടതുപക്ഷം നാളിതുവരെ തോറ്റിട്ടില്ല. മണ്ഡലത്തിലെ വികസനമാണ് ഇടതുപക്ഷം വോട്ടർമാരിലേക്ക് എത്തിക്കുന്നത്. കാർഷിക - വ്യാവസായിക മേഖലയിലെ പ്രതിസന്ധികളാണ് പ്രതിപക്ഷം പ്രചരണായുധമാക്കുന്നത്.
കോട്ട കാക്കാൻ എ.പ്രഭാകരൻ 2021ലെ തിരഞ്ഞെടുപ്പിൽ 25,734 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.പ്രഭാകരൻ മലമ്പുഴ അണകെട്ടി നിലനിർത്തിയത്. എം.എൽ.എയായ അഞ്ചുവർഷം മലമ്പുഴയിൽ നടപ്പാക്കിയ വികസനം എടുത്തുപറഞ്ഞാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. മണ്ഡലത്തിൽ തുടങ്ങിയവച്ച പദ്ധതികളുടെ പൂർത്തീകരണമാണ് പ്രധാനം. അതുകൂടാതെ കാർഷിക - വ്യാവസായ മേഖലയുടെ വളർച്ചയുമാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
ഒന്നാമതെത്താൻ സി.കൃഷ്ണകുമാർ
2016, 2021ലെ തിരഞ്ഞെടുപ്പുകളിൽ രണ്ടാമതെത്തിയത് ബി.ജെ.പിയാണ്. ഇത്തവണ വിജയിച്ചുകയറാനാണ് കെ.കൃഷ്ണകുമാറിന്റെ ശ്രമം. 2016ലെ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാറിന് 46,157 വോട്ടാണ് ലഭിച്ചതെങ്കിൽ 2021ൽ അത് 50,200 ആയി വർദ്ധിച്ചു. എൽ.ഡി.എഫ് ഭരണത്തിലെ മലമ്പുഴയുടെ വികസന മുരടിപ്പാണ് എൻ.ഡി.എ ജനങ്ങളിലേക്കെത്തിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഇൻസ്ട്രീയൽ സ്മാർട്ട് സിറ്റി പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കും അതിലൂടെ 50,000 ൽ അധികം പേർക്ക് ജോലി ലഭിക്കും, വന്യജീവിയാക്രമണം തടയാൻ സൗരോർജ്ജ വേലി നിർമ്മിക്കും, നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളിൽ വില ലഭിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നാണ് സ്ഥാനാർത്ഥിയുടെ ഉറപ്പ്.
പ്രതീക്ഷയായി എ.സുരേഷ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫിന്റെ സ്ഥാനം മൂന്നാമതായിരുന്നു. അതിൽ നിന്നും ഉയർന്നുവരാൻ ഇത്തവണ കളത്തിലുള്ളത് വി.എസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ.സുരേഷിനെയാണ്. സി.പി.എം വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാൻ സുരേഷിനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വിജയിച്ചാൽ റിംഗ് റോഡും നടക്കാവ് മേൽപ്പാലവും പാളയംപാലം നിർമ്മാണവും പൂർത്തിയാക്കും. കുടിവെള്ളത്തിനും പരിഹാരം കാണുമെന്നാണ് സുരേഷിന്റെ ഉറപ്പ്.