സ്വർണത്തിലേക്ക് ചാടി ശ്രീശങ്കർ

Sunday 05 April 2026 11:08 PM IST

ബെംഗളുരു : ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ആദ്യ സിരീസിൽ ലോംഗ്ജമ്പിൽ സ്വർണം നേടിയ മലയാളി താരം എം.ശ്രീശങ്കർ ഈ വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിന്റേയും കോമൺവെൽത്ത് ഗെയിംസിന്റേയും യോഗ്യതാ മാർക്കും മറികടന്നു. 8.15 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. കഴിഞ്ഞ സെപ്തംബറിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിന് ശേഷമുള്ള ശ്രീശങ്കറിന്റെ ആദ്യ മത്സരമായിരുന്നു ഇത്. വനിതകളുടെ ലോംഗ്ജമ്പിൽ മലയാളി താരം ആൻസി സോജനാണ് സ്വർണം. 6.54 മീറ്ററാണ് ആൻസി ചാടിയത്.6.52 മീറ്റർ ചാടിയ ശൈലി സിംഗ് രണ്ടാമതെത്തി. വനിതകളുടെ പോൾവാട്ടിൽ 4.10 മീറ്റർ ചാടിയ തമിഴ്നാടിന്റെ ഭരണിക ഇളങ്കോവൻ സ്വർണം നേടിയപ്പോൾ മലയാളികളായ ബ്ളെസി കുഞ്ഞുമോൻ (3.95 മീറ്റർ) വെള്ളിയും മരിയ ജയ്സൺ (3.90) വെങ്കലവും നേടി. ജാവലിനിൽ 77.53 മീറ്റർ എറിഞ്ഞ മലയാളി താരം ബിബിൻ ആന്റണി സ്വർണം നേടി.പുരുഷ ട്രിപ്പിൾ ജമ്പിൽ അബ്ദുള്ള അബൂബക്കർ സ്വർണവും മുഹമ്മദ് മുഹ്സിൻ വെള്ളിയും നേടി.