മുന്നണികളുടെ ഉറക്കം കെടുത്തുന്ന 9 മണ്ഡലങ്ങൾ

Monday 06 April 2026 12:22 AM IST

തിരുവനന്തപുരം: എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഉറക്കം കെടുത്തുന്ന ഒൻപത് നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 2021ലെ തിരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പിയായിരുന്നു. ഇക്കുറി ഈ മണ്ഡലങ്ങളിൽ അവർ ഒന്നിലേക്ക് എത്തിമോയെന്നതാണ് ഇരു മുന്നണികളുടെയും ആശങ്ക.

നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലമ്പുഴ മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫാണ് വിജയിച്ചത്. പാലക്കാട്,​ മഞ്ചേശ്വരം,​ കാസർകോട് മണ്ഡലങ്ങളിൽ യു.ഡി.എഫും. തദ്ദേശ തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങളിൽ ബി.ജെ.പി വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയം ഉറപ്പിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ, കെ.സുരേന്ദ്രൻ വെറും 745 വോട്ടുകളുടെ വ്യത്യാസത്തിലാണ് ലീഗിലെ എ.കെ.എം.അഷറഫിനോട് പരാജയപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ടു ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫ് ആധിപത്യം നേടിയെങ്കിലും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്.

നേമത്ത് വി.ശിവൻകുട്ടി, ബി.ജെപിയുടെ കുമ്മനം രാജശേഖരനെ തോൽപ്പിച്ചത് 3,949 വോട്ടുകൾക്കാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 22 നഗരസഭാ വാർഡുകളിൽ 16ഉം ബി.ജെ.പിക്കൊപ്പമാണ്. എൽ.ഡി.എഫ് അഞ്ചിടത്ത്. യു.ഡി.എഫ് ഒരിടത്തുമില്ല. മറ്റ് ഏഴ് മണ്ഡലങ്ങളിൽ 12,​000 മുതൽ 31,​000 വരെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫും യു.ഡി.എഫും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുന്നേറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല.

മറ്റു മണ്ഡലങ്ങളിൽ

(ജയിച്ചവരുടെ ഭൂരിപക്ഷവും രണ്ടാം സ്ഥാനത്തെത്തിയവരും)

വട്ടിയൂർക്കാവ്: വി.കെ.പ്രശാന്ത് (14,​465), വി.വി.രാജേഷ് ​

കഴക്കൂട്ടം :കടകംപള്ളി സുരേന്ദ്രൻ (23,497), ശോഭാ സുരേന്ദ്രൻ

 ആറ്റിങ്ങൽ: ഒ.എസ്.അംബിക (31,​636), പി.സുധീർ

ചാത്തന്നൂർ: ജി.എസ്.ജയലാൽ (17,​206), ബി.ബി.ഗോപകുമാർ

 മലമ്പുഴ: എ.പ്രഭാകരൻ (25,​734), സി.കൃഷ്ണകുമാർ

 കാസർകോട്: എൻ.എ.നെല്ലിക്കുന്ന്(12,​901), കെ.ശ്രീകാന്ത്

 പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ (18,​840), സി.കൃഷ്ണകുമാർ (ഉപതിരഞ്ഞെടുപ്പ്)