തുടര്‍ച്ചയായി മൂന്നാം തോല്‍വി വഴങ്ങി ചെന്നൈ; സഞ്ജുവും തിളങ്ങിയില്ല, ബംഗളൂരു ഒന്നാമത്

Sunday 05 April 2026 11:29 PM IST

ബംഗളൂരു: സീസണില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി വഴങ്ങി സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 43 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. 251 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയുടെ മറുപടി 19.4 ഓവറില്‍ 207 റണ്‍സിന് അവസാനിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള മുന്‍നിര തിളങ്ങാത്തതാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായത്.

സഞ്ജു സാംസണ്‍ 9(5), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 7(3), യുവതാരം ആയുഷ് മാത്രെ 1(3) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി. അര്‍ദ്ധ സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാന്‍ 50(25) ആണ് ടോപ് സ്‌കോറര്‍. കാര്‍ത്തിക് ശര്‍മ്മ ആറ് റണ്‍സ് നേടി പുറത്തായപ്പോള്‍ ശിവം ദൂബെ 18(13) നിരാശപ്പെടുത്തി. പ്രശാന്ത് വീര്‍ 43(29), ജേമി ഓവര്‍ടണ്‍ 37(16) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചു.

അന്‍ഷുല്‍ കാംബോജ് 19*(12) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നൂര്‍ അഹമ്മദ് 8(8), മാറ്റ് ഹെന്റി 2(3) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജേക്കബ് ഡഫി, അഭിനന്ദന്‍ സിംഗ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സുയാഷ് ശര്‍മ്മ ഒരു വിക്കറ്റു വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് നേടി. 25 പന്തുകള്‍ മാത്രം നേരിട്ട് 70 റണ്‍സ് നേടി പുറത്താകാതെ നിന്ന ഓസീസ് താരം ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ആര്‍സിബിക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മലയാളി താരം ദേവദത്ത് പടിക്കലും ബംഗളൂരുവിനായി അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 46(30), വിരാട് കൊഹ്ലി 28(18) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മൂന്നാമനായി ക്രീസിലെത്തിയ ദേവദത്ത് പടിക്കല്‍ 29 പന്തുകളില്‍ 50 റണ്‍സ് നേടി പുറത്തായി. അഞ്ച് ഫോറും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇടപ്പാള്‍ സ്വദേശിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 48*(19) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് സിക്സറുകളും ഒരു ഫോറുമാണ് നായകന്‍ അടിച്ചുകൂട്ടിയത്.

നേരിട്ട ആദ്യ അഞ്ച് പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രം നേടിയ ശേഷമാണ് ടിം ഡേവിഡ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. എട്ട് പടുകൂറ്റന്‍ സിക്സറുകളും മൂന്ന് ബൗണ്ടറികളുമാണ് ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 19 സിക്സറുകളും 14 ബൗണ്ടറികളുമാണ് ബംഗളൂരുവിന്റെ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നത്. സിഎസ്‌കെയ്ക്കായി അന്‍ഷുല്‍ കാംബോജ്, ജേമി ഓവര്‍ടണ്‍, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.