ബേപ്പൂരിൽ ആരാകും സുൽത്താൻ?
ബേപ്പൂർ: കേരളരാഷ്ട്രീയം നെഞ്ചിടിപ്പോടെ ഉറ്റുനോക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ ആരാകും സുൽത്താൻ എന്ന ചിന്തയിലാണ് സാധാരണക്കാരായ വോട്ടർമാർ. ശക്തമായ ത്രികോണ മത്സരത്തിൻ്റെ പ്രതീതിയാണ് ബേപ്പൂരിൽ. നിലമ്പൂരിൽ നിന്നും പി.വി അൻവർ മാസങ്ങൾക്ക് മുൻപ് തന്നെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയത് യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം പകർന്നിരുന്നു. സി.പി.എം യുവനിരയിലെ കരുത്തനും സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസാകട്ടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടം ഗുണകരമാവുമെന്നാണ് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയായ കെ.പി. പ്രകാശ്ബാബുവിന്റെ കണക്കുകൂട്ടൽ. ബേപ്പൂരിൽ തുടർച്ചായ മൂന്നാംതവണയാണ് പ്രകാശ്ബാബു മത്സരിക്കുന്നത്.
ബേപ്പൂരിലെ കാറ്റ് യുഡിഎഫിന് അനുകൂലമായി വീശുമെന്ന പ്രതീക്ഷയിലാണ് പി.വി. അൻവർ. ഭരണവിരുദ്ധവികാരം പരമാവധി പ്രയോജനപ്പെടുത്താമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. പൊതുമരാമത്ത്, ടൂറിസം മന്ത്രി എന്ന നിലയിൽ മണ്ഡലത്തിലും വിശേഷിച്ച് കോഴിക്കോട് ജില്ലയിലും മുഹമ്മദ് റിയാസ് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് എൽ.ഡി.എഫിന്റെ പ്രചരണായുധം. ശബരിമല സ്വർണക്കവർച്ചയിൽ ഉരുത്തിരിഞ്ഞ ഭരണ വിരുദ്ധ വികാരവും വികസനമുരടിപ്പും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും വോട്ടായി മാറുമെന്നാണാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
മണ്ഡലചരിത്രം
ഉരുപ്പെരുമയുടെയും ഖലാസികളുടെയും നാടെന്ന് ലോകം സാക്ഷ്യപ്പെടുത്തിയ ബേപ്പൂരിൻ്റെ രാഷ്ട്രീയത്തുടിപ്പ് ഇടതിൻ്റെ ഭാഗമായിട്ട് വർഷങ്ങളേറെയായി. ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനിലെ 14 ഡിവിഷനുകളും അടങ്ങുന്നതാണ് ബേപ്പൂർ മണ്ഡലം.1965 ലാണ് ബേപ്പൂർ നിയോജക മണ്ഡലം രൂപീകൃതമായത്. സി.പി.എമ്മിലെ കെ ചാത്തുണ്ണിയായിരുന്നു തുടർച്ചയായി നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയിച്ചത്. 1977 ൽ ചാത്തുണ്ണിയെ അട്ടിമറിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി എൻ.പി മൊയ്‌തീൻ ജയിച്ചതാണ് മണ്ഡല രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസ്സിൻ്റെ ഏക വിജയം. 1980 മുതൽ ഇടതുപക്ഷത്തിനൊപ്പമായിരുന്നു മണ്ഡലം.
ആകെ വോട്ടർമാർ: 2,17,874
സ്ത്രീകൾ: 1,11,157
പുരുഷന്മാർ: 1,06, 713
ട്രാൻസ്ജെൻഡർ -4