വൈദ്യുത വാണിജ്യ വാഹനങ്ങളിൽ ഒന്നാമതായി മഹീന്ദ്ര

Monday 06 April 2026 12:45 AM IST

കൊച്ചി: ഇന്ത്യയിലെ വൈദ്യുത വാണിജ്യ വാഹന വിപണിയിൽ ആധിപത്യം തുടർന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ്. തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഒന്നാം നമ്പർ വൈദ്യുത വാണിജ്യ വാഹന നിർമ്മാതാക്കളായി കമ്പനി മാറി.

ഒരു സാമ്പത്തിക വർഷത്തിൽ ഒരുലക്ഷത്തിലധികം വൈദ്യുത വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യ നിർമ്മാതാക്കളെന്ന റെക്കാഡും മഹീന്ദ്ര സ്വന്തമാക്കി. എൽ 5 കാറ്റഗറിയിൽ 39.7 ശതമാനം വിപണി വിഹിതം കൈവരിച്ചു. ഇതുവരെ മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങൾ ആകെ 600 കോടി കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഏകദേശം 240 കിലോ മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനായി. 3.4 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

ഉപഭോക്താക്കളുടെ താത്പര്യങ്ങൾ പരിഗണിച്ച് പുറത്തിറക്കിയ 'മഹീന്ദ്ര ഉഡോ' മോഡലാണ് ഈ വർഷത്തെ പ്രധാന ആകർഷണം. സെഗ്‌മെന്റിൽ ആദ്യമായി റിവേഴ്‌സ് ത്രോട്ടിൽ സംവിധാനത്തിന് പുറമേ, മികച്ച എയറോഡൈനാമിക് ഡിസൈനും ഡ്രൈവർമാർക്ക് കൂടുതൽ സൗകര്യപ്രദമായ ഫീച്ചറുകളും ഇതിലുണ്ട്. ഒറ്റ ചാർജിംഗിൽ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്ന് മഹീന്ദ്ര അധികൃതർ പറഞ്ഞു.