67 ബൂത്തുകളിൽ വനിതാനിയന്ത്രണം 

Monday 06 April 2026 12:50 AM IST
pink booth

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്നത് 67 ബൂത്തുകള്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏഴും ബാക്കി 12 മണ്ഡലങ്ങളില്‍ അഞ്ച് ബൂത്തുകള്‍ വീതവും. പിങ്ക് ബൂത്തെന്നറിയപ്പെടുന്ന ഇവയില്‍ പോളിംഗിന്റെയും സുരക്ഷയുടെയും പൂര്‍ണ ചുമതല വനിതകള്‍ക്കാണ്.

പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, പൊലീസ് എന്നിവരുള്‍പ്പടെ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ്. ഈ ബൂത്തുകളില്‍ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്താം. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ കാരപ്പറമ്പ് സ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് പൂര്‍ണമായും ഭിന്നശേഷി നിയന്ത്രിതമായിരിക്കും. ജില്ലയില്‍ ആകെ 2,837 ബൂത്തുകളാണുള്ളത്. ബാലുശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ -256. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ഹരിത, മാതൃകാ ബൂത്തുകളായി സജ്ജീകരിക്കാനും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.