ഐവർകാലയിൽ സ്വന്തം ചെലവിൽ കുടിവെള്ളമെത്തിച്ച് പഞ്ചായത്തംഗം മാതൃകയായി

Monday 06 April 2026 12:40 AM IST
കുന്നത്തൂർ ഐവർകാലായിൽ ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്തഗം ടി.കെ. പുഷ്പകുമാർ സ്വന്തം പണം മുടക്കി കുടിവെള്ളം വീടുകളിൽ എത്തിച്ച് നൽകുന്നു.

ശാസ്താംകോട്ട : കഠിനമായ വേനൽചൂടിൽ കുടിവെള്ളക്ഷാമം രൂക്ഷമായ ഐവർകാലയിൽ വോട്ടർമാർക്ക് സ്വന്തം കൈയിൽനിന്ന് പണം മുടക്കി വെള്ളമെത്തിച്ച് പഞ്ചായത്തംഗം മാതൃകയായി. കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഐവർകാല നടുവിൽ വാർഡ് അംഗം ടി.കെ. പുഷ്പകുമാറാണ് കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളിൽ സ്വന്തം ചെലവിൽ ടാങ്കറിൽ വെള്ളമെത്തിച്ചത്. കെ.ഐ.പി. കനാൽ തുറക്കാത്തതും ജല അതോറിട്ടിയുടെ പൈപ്പ് ലൈനിലൂടെ വെള്ളം ലഭിക്കാത്തതും പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പഞ്ചായത്ത് തലത്തിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കാൻ തീരുമാനിച്ചെങ്കിലും ടെണ്ടർ നടപടികൾ നീണ്ടുപോയത് ജലവിതരണം വൈകാനിടയാക്കി. ഈ സാഹചര്യത്തിലാണ് ഐവർകാല ലക്ഷംവീട് ഉന്നതി, ആലങ്കോട്ടുവിള ഭാഗങ്ങളിൽ അംഗം നേരിട്ട് ഇടപെട്ട് കുടിവെള്ളമെത്തിച്ചത്. ടാങ്കറിൽ എത്തിച്ച വെള്ളം ഓരോ വീടുകളിലും ബക്കറ്റുകളിൽ നിറച്ചുനൽകാൻ പഞ്ചായത്തംഗവും സജീവമായി രംഗത്തുണ്ടായിരുന്നു.