അഡ്വ.പി.ഐഷാ പോറ്റിയെ അസഭ്യം വിളിച്ചു; രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

Monday 06 April 2026 12:53 AM IST

കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.ഐഷാ പോറ്റിയെ അസഭ്യം വിളിക്കുകയും സ്വീകരണം തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കുഴിമതിക്കാട് കോഴിക്കാലവിള വീട്ടിൽ പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് എഴുകോൺ പൊലീസ് കേസെടുത്തത്. ഇതിൽ പ്രതിയായ പ്രസാദ് കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഇന്നലെ ഉച്ചയ്ക്ക് ഐഷാ പോറ്റിയുടെ സ്വീകരണ പര്യടനം കരീപ്ര ചൂരപ്പൊയ്കയിൽ എത്തിയപ്പോഴായിരുന്നു സംഭവം. പ്രസാദ് സ്ഥാനാർത്ഥിക്കു നേരെ അസഭ്യവർഷം നടത്തുകയും പ്രചാരണ വാഹനത്തിന് മുന്നിൽ തടസം സൃഷ്ടിക്കുകയും ചെയ്തു. 'ജോലി പോയാൽ എനിക്ക് പുല്ലാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇയാൾ അധിക്ഷേപം തുടർന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് നടപടി സ്വീകരിച്ചത്.