സ്വര്‍ണവും വെള്ളിയും വീണതോടെ ആളുകള്‍ ചുവട് മാറ്റി; പുതിയ ട്രെന്‍ഡ് ഇങ്ങനെ

Monday 06 April 2026 12:08 AM IST

ക്രൂഡോയില്‍ വിലക്കുതിപ്പില്‍ ആശങ്ക

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണത്തിന് പകരം സുരക്ഷിത നിക്ഷേപമെന്ന പദവി തിരിച്ചുപിടിച്ച് അമേരിക്കന്‍ ഡോളര്‍. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആക്രമണം കടുപ്പിച്ചതും ഗള്‍ഫ് മേഖലയില്‍ എണ്ണ ഉത്പാദനം പ്രതിസന്ധിയിലായതുമാണ് ക്രൂഡോയില്‍ വിലയില്‍ കുതിപ്പുണ്ടാക്കിയത്. ആക്രമണം നേരിടുന്നതിന്റെ ഭാഗമായി ലോകത്തിലെ മൊത്തം ഇന്ധന ചരക്കുനീക്കത്തിന്റെ 20 ശതമാനവും കൈകാര്യം ചെച്ചുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതും വിക്കയറ്റം രൂക്ഷമാക്കി . നിലവില്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിന് അടുത്താണ്. ഇതോടെ കേന്ദ്ര ബാങ്കുകള്‍ വിദേശ നാണയ ശേഖരത്തിലെ സ്വര്‍ണം വിറ്റഴിച്ച് ഡോളറിന്റെ അളവ് കൂട്ടി. മാര്‍ച്ചില്‍ ഡോളര്‍ സൂചികയില്‍ രണ്ട് ശതമാനം വര്‍ദ്ധനയുണ്ടായി. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വവും ഡോണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും കഴിഞ്ഞ വര്‍ഷം ഡോളറിന്റെ മൂല്യത്തില്‍ പത്ത് ശതമാനം ഇടിവുണ്ടാക്കിയിരുന്നു.

സ്ഥിരതയില്ലാതെ സ്വര്‍ണം

ഇറാന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമായത്. സംഘര്‍ഷം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ മാര്‍ച്ച് ഒന്നിന് പവന്‍ വില 1,26,920 രൂപ വരെ ഉയര്‍ത്തതിന് ശേഷം തുടര്‍ച്ചയായി താഴേക്ക് നീങ്ങി. മാര്‍ച്ച് 23ന് ഒരവസരത്തില്‍ പവന്‍ വില 99,480 രൂപ വരെ താഴ്ന്നിരുന്നു. രാജ്യാന്തര വില ഔണ്‍സിന് 4,160 ഡോളറിലേക്ക് മൂക്കുകുത്തി. ഇറാനുമായി വെടിനിറുത്തല്‍ ഉടനുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ സ്വര്‍ണ വില വീണ്ടും തിരിച്ചുകയറി. നിലവില്‍ രാജ്യാന്തര വില 4,676 ഡോളറിലും പവന്‍ വില 1,10,630 രൂപയിലുമാണ്.

സ്വര്‍ണം Vs ഡോളര്‍

ഡോളറിന്റെ കരുത്ത്

1. ലോകത്തിലെ ക്രൂഡോയില്‍ വില്‍പ്പന പ്രധാനമായും ഡോളര്‍ അധിഷ്ഠിതമാണ്

2. നാണയപ്പെരുപ്പം ഉയരുന്നതിനാല്‍ അമേരിക്കയില്‍ പലിശ കുറയാന്‍ ഇടയില്ല

3. ഇന്ധന ഇറക്കുമതി ബാദ്ധ്യത തീര്‍ക്കാന്‍ കേന്ദ്ര ബാങ്കുകള്‍ ഡോളര്‍ വാങ്ങികൂട്ടുന്നു

4. ക്രൂഡോയില്‍ കയറ്റുമതിയില്‍ അമേരിക്ക പുതിയ താരമായതോടെ ഡോളറിന് പ്രിയമേറുന്നു

സ്വര്‍ണത്തിന്റെ ദൗര്‍ബല്യം

1. ലോകമെമ്പാടും പലിശ നിരക്ക് കൂടാനുള്ള സാദ്ധ്യത തിരിച്ചടിയാകുന്നു

2. നിക്ഷേപകര്‍ ഉയര്‍ന്ന വരുമാനമുള്ള യു.എസ് ബോണ്ടിലേക്ക് പണം മാറ്റുന്നു