ജനങ്ങളെ കൈയിലെടുത്ത് ധർമ്മടത്ത് മുഖ്യമന്ത്രി

Monday 06 April 2026 12:17 AM IST

കണ്ണൂർ: ജന നായകനെ വീണ്ടും നേരിൽ കണ്ടതിലുള്ള സന്തോഷത്തിലായിരുന്നു ധർമടം മണ്ഡലത്തിലെ വോട്ടർമാർ. കത്തുന്ന വെയിലിലും ആയിരങ്ങൾ പര്യടന കേന്ദ്രങ്ങളിലെത്തി. കഴിഞ്ഞ പത്തു വർഷത്തെ ജനക്ഷേമ പദ്ധതികൾ അനുഭവിച്ചറിഞ്ഞവരുടെ കണ്ണുകളിൽ തിളക്കമേറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. സ്‌കൂൾ കുട്ടികൾ, യുവാക്കൾ, തൊഴിലുറപ്പുകാർ, തൊഴിലാളികൾ, വൃദ്ധർ....സമസ്‌ത മേഖലകളിലുള്ളവരും പര്യടന കേന്ദ്രങ്ങളിൽ എത്തിയിരുന്നു.

സ്വന്തമായി കിടപ്പാടം ലഭിച്ചവർ, ജീവിതം പുലർത്താൻ കുടിശിക തീർത്ത് പെൻഷൻ ലഭിച്ചവർ, അടുക്കളകളിലെത്തിയ പെൻഷൻ തുടങ്ങി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചവർക്കു മുന്നിൽ കഴിഞ്ഞ പത്തു

വർഷത്തെ നേട്ടങ്ങൾ ചെറിയ വാക്കുകളിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. എൽ.ഡി.എഫ് ഭരണത്തിലെ നേട്ടങ്ങളും അതിന് മുമ്പ് യു.ഡി.എഫ് ഭരണത്തിലെ കോട്ടങ്ങളും അവരെ ഓർമ്മപ്പെടുത്തി.

ചൂരൽ മലയിലേതടക്കം ഉള്ളുലച്ച ദുരന്തങ്ങളിൽ കൈമലർത്തിയ കേന്ദ്ര സർക്കാരിന്റെ പക, കേരളത്തിന് ഒന്നും കിട്ടരുതെന്ന് കരുതുന്ന യു.ഡി.എഫിന്റെ ഇരട്ടത്താപ്പ് എന്നിവയെക്കുറിച്ച് അര മണിക്കൂർ വിശദീകരണം. കേരളം അതിജീവിച്ച വഴികൾ വരച്ചിടുകയായിരുന്നു പിണറായി. രണ്ടു ദിവസത്തെ പര്യടനം പൂർത്തിയാക്കുമ്പോൾ ധർമടം വീണ്ടും നെഞ്ചിലേറ്റുകയാണ് പ്രിയ നേതാവിനെ.

രാവിലെ പറമ്പായിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്, വാളാങ്കിച്ചാൽ, കുഴിമ്പാലോട്, വേങ്ങാട് തെരു, വെള്ളച്ചാൽ, പെരളശ്ശേരി കോട്ടം, മൈലുള്ളി മെട്ട, പാനുണ്ട സ്കൂൾ, കാപ്പുമ്മൽ, കമ്പൗണ്ടർ ഷോപ്പ്, പിണറായി വെസ്റ്റ്, വെള്ളൊഴുക്ക് എന്നിവിടങ്ങൾ താണ്ടി ചിറക്കുനിയിൽ സമാപിച്ചു.. രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ. കമ്പൗണ്ടർ ഷോപ്പിലെത്തി പിണറായിയെ അഭിവാദ്യം ചെയ്തു.