'എനിക്കറിയാം, എവിടെപ്പോയാലും അവൾ തിരിച്ചെത്തും'

Monday 06 April 2026 12:19 AM IST

കോഴിക്കോട്/നാദാപുരം: '' എനിക്ക് ഉറപ്പുണ്ടായിരുന്നു എവിടെപ്പോയാലും അവൾ തിരിച്ചെത്തും. യാത്രകൾ ഒറ്റയ്ക്ക് ചെയ്യുന്ന കുട്ടിയാണ് . എവിടെയായാലും വിളിച്ച് അറിയിക്കുകയു ചെയ്തിരുന്നു'' ശരണ്യയുടെ അമ്മ ശെെലജയുടെ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു‌. സന്തോഷ കണ്ണീരിലും മകളെ കണ്ടെത്താൻ കൂടെ നിന്നവർക്ക് ഒരായിരം നന്ദി അറിയിച്ചു. കുടകിലെ തടിയന്റെ മോൾ മലയിൽ ട്രക്കിംഗിന് പോയി കാണാതായ ശരണ്യയെ കണ്ടെത്തിയതിന്റെ ആശ്വാസ നിമിഷത്തിലാണ് പേരോട് ഇയ്യങ്കോട് നടുക്കണ്ടി സോമന്നൗയം വീടും നാട്ടുകാരും. തെരച്ചിലിനായി പോയ മകൻ ശ്യാമാണ് കണ്ടെത്തിയ വിവരം വെെകീട്ട് ആറ് മണിയോടെ അച്ഛൻ ഗോപിയെയും അമ്മ ശെെലജയെയും അറിയിച്ചത്. വ്യാഴാഴ്ച രാത്രി നാദാപുരം പൊലീസെത്തി വിവരം പറയുമ്പോഴാണ് മകളെ കാണാതായത് അറിഞ്ഞത്. തുടർന്നുള്ള ദിവസങ്ങൾ ഭീതിയോടെ തള്ളിനീക്കിയപ്പോഴും അവൾ വരുമെന്ന പ്രതീക്ഷ അവർ കൈവിട്ടില്ല. തെരച്ചിലിനിറങ്ങിയ സഹോദരൻ ശ്യാം അവർക്ക് ധെെര്യമേകി. വിവിധ സ്ഥാനാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. ശരണ്യയെ കണ്ടെത്തിയതിന്റെ സന്തോഷത്തിൽ പ്രദേശത്ത് മധുരവിതരണവും നടത്തിയിരുന്നു.

രണ്ടാഴ്ച മുൻപാണ് ശരണ്യ വീട്ടിൽ നിന്ന് എറണാകുളത്തുള്ള ജോലി സ്ഥലത്തേക്ക് പോയത്. ട്രക്കിംഗിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്നും വിളിച്ചപ്പോഴാണ് കുടകിലാണെന്ന് മകൾ പറഞ്ഞതെന്നും അച്ഛൻ ഗോപി പറഞ്ഞു. സാധാരണ യാത്രകൾ പോകുമ്പോൾ വിളിച്ചു പറയുന്ന ശീലം ശരണ്യയ്ക്കില്ല. ശരണ്യ ഇതിന് മുമ്പും വിവിധയിടങ്ങളിൽ ട്രക്കിംഗിനായി പോയിട്ടുണ്ട്. ഒറ്റയ്ക്ക് യാത്രകൾ ചെയ്യാനാണ് ഇഷ്ടപ്പെട്ടിരുന്നത്. ഇടക്കിടെ ട്രക്കിംഗ് ചെയ്യുന്നയാൾ ആയതിനാൽ എവിടെയെങ്കിലും വഴിതെറ്റിയോ മറ്റോ ഒറ്റപ്പെട്ടുപോയാൽ എന്തുചെയ്യണമെന്നുള്ള പരിശീലനങ്ങളും മറ്റും ശരണ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. എറണാകുളത്തെ ഐ.ടി. സ്ഥാപനത്തിൽ സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്യുകയാണ് ശരണ്യ.